നിപ ബാധ; റംബൂട്ടാൻ കര്‍ഷകര്‍ പ്രതിസന്ധിയിൽ, മുഖ്യമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട്: നിപ ഭീതിയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ കോഴിക്കോട് ജില്ലയിലെ മലയോര കര്‍ഷകര്‍. റംബൂട്ടാൻ അടക്കമുള്ള പഴങ്ങൾ വിളവെടുക്കുന്ന സമയമാണെങ്കിലും വാങ്ങാന്‍ ആളില്ലാത്തതാണ് പ്രശ്നം. സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മരുതോങ്കരയിലെ കര്‍ഷകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

നഷ്ടം സഹിക്കാനാവാതെയാണ് റബര്‍ കൃഷിയുപേക്ഷിച്ച് മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്നില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് കര്‍ഷകനായ ജോയ് കണ്ണംചിറ റമ്പൂട്ടാന്‍ കൃഷി ചെയ്തത്. വവ്വാലും പക്ഷികളും കടക്കാതിരിക്കാന്‍ വല കെട്ടി സംരക്ഷിച്ചു. റംബൂട്ടാൻ പഴങ്ങൾ വിളവെടുപ്പിന് പാകമായതോടെ, രണ്ടാഴ്ച മുമ്പ് രണ്ട് ലക്ഷം രൂപ വില പറഞ്ഞ് ഉറപ്പിച്ചതാണ്. അപ്പോഴാണ് നിപയുടെ വരവ്. പിന്നാലെയാണ് റംമ്പൂട്ടാനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം. വില പറഞ്ഞുറപ്പിച്ചവര്‍ പിന്‍മാറുക കൂടി ചെയ്തതോടെ പഴങ്ങള്‍ മുഴുവന്‍ വീണ് നശിച്ചുപോകുന്ന സ്ഥിതിയാണ്.

മറ്റ് പഴ വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നവരുടെ സ്ഥിതിയും സമാനമാണ്. നിപ മരണം റിപ്പോര്‍ട്ട് ചെയ്ത മരുതോങ്കരയിലും സമീപ പഞ്ചായത്തുകളിലും കര്‍ഷകരാണ് ഏറെയും. ജില്ലയില്‍ നിപയുടെ മൂന്നാം വരവ് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിപ ഭീതി പഴം വിപണിയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. പഴങ്ങള്‍ കഴുകിയുപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും വിദഗ്ധര്‍ പറയുന്നു.

Top