മാവോയിസ്റ്റ് ആക്രമണം; കടുത്ത നടപടിയെടുക്കാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ഛണ്ഡീഗഡ്: ദന്‍ഡേവാല ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. പോലീസ് മേധാവികളെയും മറ്റ ഉന്നത ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി ചര്‍ച്ച ചെയ്യുന്നതിനാണ് ചര്‍ച്ച. നക്‌സലുകള്‍ക്കെതിരായ ആക്രമണം ശക്തമാക്കുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്.

മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും കുടുബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറി അജയ് സിംഗ്, പ്രിന്‍സിപ്പിള്‍ സെക്രട്ടറി അമിതാഭ് ജെയ്ന്‍, അമന്‍ സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ദൂരദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ സഹൂവും മൂന്ന് പോലീസുകാരും മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ എയര്‍ലിഫ്റ്റ് ചെയ്ത് റായിപ്പൂരില്‍ എത്തിക്കുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. ഇവര്‍ അപകടനില തരണം ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്പി അഭിഷേക് പല്ലവുമായുള്ള അഭിമുഖത്തിന് ശേഷം മടങ്ങുകയായിരുന്ന വാര്‍ത്താ സംഘത്തിന് നേരെ അരാന്‍പൂരില്‍ വച്ചാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്.

ഛത്തിസ്ഗഢ് നിയമസഭയിലെ 90 സീറ്റുകളിലേക്ക് രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 12നും രണ്ടാംഘട്ടം 20നും നടക്കും.

Top