മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് വെള്ളിയാഴ്ച്ച റംസാന്‍ വ്രതാരംഭം

കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച റംസാന്‍ വ്രതം ആരംഭിക്കും. ഇന്ന് കാപ്പാട് മാസപ്പിറവി കണ്ടതായി കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയാണ് അറിയിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ എന്നിവരടക്കം വിവിധ വിഭാഗങ്ങളിലെ നേതാക്കളും വെള്ളിയാഴ്ച തന്നെയാണ് വ്രതാരംഭമെന്ന് വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാന്‍ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് ധാരണയായിരുന്നത്. കൊവിഡ് രോഗബാധ പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഇഫ്താര്‍, ജുമാ നമസ്‌കാരം എന്നിവ വേണ്ടെന്നുവെക്കാന്‍ മുഖ്യമന്ത്രിയും മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തീരുമാനമെടുത്തിരുന്നു.

ദിവസം തോറും വ്രതാവസാനം വൈകിട്ടോടെ നടക്കുന്ന തറാവീഹ് നമസ്‌കാരങ്ങളും വേണ്ടെന്ന് വയ്ക്കാനാണ് തീരുമാനം. റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. വിശ്വാസികള്‍ പള്ളിയിലെത്തുന്ന കാലമാണ്. എന്നാല്‍ രോഗ വ്യാപന സാഹചര്യം മുന്നില്‍ കണ്ട് എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Top