മക്കയിലെ പീരങ്കി ശബ്ദം നിലച്ചിട്ട് ഇത് ആറാം വര്‍ഷം

മദാന്‍ വരവ് പ്രഖ്യാപിച്ചും ഇഫ്ത്താറിന്റെയും അത്താഴത്തിന്റെയും സമയത്തെ കുറിച്ച് മക്കക്കാരെ ഉണര്‍ത്തിയും മക്കയിലെ അബൂ അല്‍ മദഫ മലമുകളില്‍ നിന്നുയരാറുള്ള പീരങ്കി ശബ്ദം നിലച്ചിട്ട് ഇത് ആറാമത്തെ വര്‍ഷം. റമദാനിന്റെ മധുര ഓര്‍മകള്‍ക്കൊപ്പം മക്ക നിവാസികളുടെ മനസ്സില്‍ സജീവമായി നില്‍ക്കുന്ന ഒന്നായിരുന്നു ഈ പീരങ്കി ശബ്ദവും. അത് നിലച്ചിട്ട് ആറു വര്‍ഷമായെങ്കിലും മക്കയിലെ പഴമക്കാരുടെ മനസ്സില്‍ അത് ഗൃഹാതുരത്വം നിറയ്ക്കുന്ന ഓര്‍മയാണിന്നും.

റമദാന്റെ മാസപ്പിറവി ദൃശ്യമായാല്‍ അബൂ അല്‍ മദഫ പര്‍വതത്തിന്റെ താഴ് വാരത്ത് താമസിക്കുന്നവര്‍ക്ക് വലിയ ആഘോഷമാണ്. റമദാന്‍ പിറവി പ്രഖ്യാപിച്ച് പീരങ്കി വെടി മുഴക്കുന്നത് കാണാന്‍ നൂറുകണക്കിനാളുകളാണ് മലയുടെ മുകളില്‍ എത്തിച്ചേരുക. അവരെ സംബന്ധിച്ചിടത്തോളം റമദാനോളം തന്നെ ആവേശം നല്‍കുന്ന ഓര്‍മയായിരുന്നു ഈ പീരങ്കിവെടിയും. റമദാന്‍ മാസപ്പിറവി പ്രഖ്യാപനത്തോടെ മുഴങ്ങിത്തുടങ്ങുന്ന പീരങ്കിശബ്ദം റമദാന്റെ വിടവാങ്ങല്‍ കൂടി പ്രഖ്യാപിച്ചുകൊണ്ടാണ് ഓരോ വര്‍ഷവും നിശബ്ദമാവാറ്. ഓരോ ദിവസവും നോമ്പ് തുറക്കേണ്ട സമയത്തും അത്താഴ സമയത്തും നോമ്പ് ആരംഭിക്കുന്ന സുബഹി ബാങ്കിന്റെ വേളയിലും മുഴങ്ങുന്ന ഈ വെടിമുഴക്കമായിരുന്നു മക്ക നിവാസികളുടെ ജീവിതതാളം തന്നെ നിശ്ചയിച്ചിരുന്നത് എന്നു വേണം പറയാന്‍.

മക്കയിലെ പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളികള്‍ അകലെയൊന്നും കേള്‍ക്കാതിരുന്ന കാലത്ത് പ്രത്യകിച്ച് നോമ്പു കാലത്ത് മക്ക നിവാസികളുടെ ഏക ആശ്രയമായിരുന്നു ഈ പീരങ്കി ശബ്ദമെന്ന് സെന്റര്‍ ഓഫ് മക്ക ഹിസ്റ്ററി ഡയരക്ടര്‍ ഡോ. ഫവാസ് അല്‍ ദഹസ് പറയുന്നു. പിന്നീട് ലൗഡ് സ്പീക്കറൊക്കെ വന്നെങ്കിലും പീരങ്കി ഒരു ആചാരമായി തുടരുകയായിരുന്നു. മൊബൈല്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ വ്യാപകമായതോടെ ക്രമേണ അത് കാലഹരണപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top