റമദാനിൽ 20 രാജ്യങ്ങളിലെ പത്തു കോടി പേർക്ക് അന്നമെത്തിക്കാൻ യുഎഇ

ദുബായ്: വിശുദ്ധ റമദാനിൽ പത്തു കോടി പേർക്ക് ഭക്ഷണമെത്തിക്കാൻ യുഎഇയുടെ പദ്ധതി. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും 20 രാജ്യങ്ങളിലെ ജനങ്ങൾക്കാണ് അന്നമെത്തിക്കുക. ‘100 മില്യൺ മീൽസ്’ എന്നു പേരിട്ട പദ്ധതി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ രാജ്യത്ത് നടപ്പാക്കിയ 10 മില്യൺ മീൽസ് പദ്ധതിയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് യുഎഇ പുതിയ ദൗത്യത്തിന് തയ്യാറെടുക്കുന്നത്. കോവിഡ് പ്രതിസന്ധിക്കാലത്ത് പ്രഖ്യാപിച്ച ആദ്യ പദ്ധതി പങ്കാളിത്തം കൊണ്ട് വൻ വിജയമായിരുന്നു.

രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള വൻകിട കമ്പനികൾ, ബിസിനസുകാർ എന്നിവരുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക. സുഡാൻ, ലബനാൻ, ജോർദാൻ, പാകിസ്താൻ, അംഗോള, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലേക്കാണ് ഭക്ഷണമെത്തിക്കുന്നത്.

ഫുഡ് ബാങ്കിങ് റീജ്യണൽ നെറ്റ്‌വർക്കും സന്നദ്ധ സംഘടനകളുമായി ചേർന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് ആണ് പദ്ധതി കോർഡിനേറ്റ് ചെയ്യുന്നത്.

 

Top