റമദാന്‍ മാസത്തിലും ഇളവില്ല; മതപണ്ഡിതന്മാരുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റമദാന്‍ മാസത്തിലും ലോക്ക് ഡൗണില്‍ ഇളവുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥന പാടില്ലെന്ന നിര്‍ദ്ദേശം തുടരുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിശ്വാസികള്‍ വലിത തോതില്‍ പള്ളിയിലെത്തുന്ന കാലമാണിത്. എന്നാല്‍ രോഗവ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലിം സംഘടനാ നേതാക്കളുമായും മത പണ്ഡിതന്മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ആശയ വിനിമയത്തില്‍ ധാരണ ആയിട്ടുണ്ട്.

റമദാന്‍ മാസത്തിലെ ഇഫ്താര്‍, ജുമുഅ, തറാവീഹ് നമസ്‌കാരം, അഞ്ച് നേരത്തെ ജമാഅത്ത്, കഞ്ഞി വിതരണം പോലുള്ള ദാനധര്‍മാദി പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം വേണ്ടെന്ന് വെക്കുന്നതാണ്. അതാണ് ഈ സാഹചര്യത്തില്‍ നല്ലതെന്ന് മതപണ്ഡിതന്മാര്‍ തന്നെ അഭിപ്രായപ്പെട്ടു.

ഇസ്ലാമിന്റെ ഏറ്റവും വലിയ പുണ്യ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതനേതാക്കള്‍ തന്നെ ചൂണ്ടിക്കാണിച്ചു. കൊവിഡ് 19 നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Top