റമദാന്‍; ഖത്തറില്‍ കുറഞ്ഞ നിരക്കില്‍ ഇറച്ചി ലഭ്യമാക്കാന്‍ നടപടി

ദോഹ: റമദാന്‍ മാസത്തില്‍ സബ്സിഡി നിരക്കില്‍ പൗരന്മാര്‍ക്ക് ഇറച്ചിയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം പദ്ധതി. റമദാനില്‍ ഇറച്ചി വില പിടിച്ചുനിര്‍ത്തുന്നതിനും കമ്പോളത്തില്‍ ഇറച്ചിയുടെ ആവശ്യവും ലഭ്യതയും ക്രമീകരിക്കുന്നതിനുമായാണ് പുതിയ സംരംഭം തുടങ്ങുന്നത്.

പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ 30,000 കന്നുകാലികളെ ലഭ്യമാക്കാനും മാംസം പൗരന്മാര്‍ക്ക് സബ്സിഡി നിരക്കില്‍ വില്‍ക്കാനുമായി വിദാം ഫുഡ് കമ്പനിയുമായി ചേര്‍ന്നാണ് മന്ത്രാലയം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒരു പൗരന് രണ്ട് ആടുകള്‍ എന്ന നിരക്കിലാണ് പൗരന്മാര്‍ക്ക് മാംസം സബ്സ്ഡി നിരക്കില്‍ വില്‍ക്കേണ്ടത്.

30 മുതല്‍ 35 കിലോഗ്രാം വരെയുള്ള പ്രാദേശിക ആടുകളുടെ വില 1000 ഖത്തര്‍ റിയാലായി നിശ്ചയിച്ചിട്ടുണ്ട്. ഇതേ ഭാരമുള്ള സിറിയന്‍ ആടുകള്‍ക്ക് 950 റിയാലായിരിക്കും വില. മാംസം മുറിക്കുന്നതിനും പൊതിയുന്നതിനും 16 റിയാലും തൊഴിലാളികള്‍ക്കുള്ള 34 റിയാലും അധികമായി ഈടാക്കും.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി, രാജ്യത്തെ എല്ലാ അറവുശാലകളും പിന്തുടരേണ്ട മുന്‍കരുതല്‍ നടപടികളും മന്ത്രാലയം പുറത്തിറക്കി. ഇവ കര്‍ശനമായി നടപ്പിലാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പ്രധാന പ്രവേശന കവാടങ്ങള്‍ക്ക് മുന്നില്‍ സാനിറ്റൈസര്‍ സ്ഥാപിക്കുക, തൊഴിലാളികളുടെ ശരീരോഷമാവ് ദിവസത്തില്‍ രണ്ടുതവണ പരിശോധിക്കുക, തൊഴിലാളികള്‍ക്ക് മാസ്‌കുകളും കയ്യുറകളും നല്‍കുക, അറവ് കാലികളെ കൈകാര്യം ചെയ്യുമ്പോഴും അതിന് ശേഷം അവശിഷ്ടങ്ങള്‍ പുറന്തള്ളുമ്പോഴും ആരോഗ്യകരമായ രീതിയിലാണെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

 

Top