സ്ത്രീകള്‍ ബഹിരാകാശത്ത് പോകുന്നു, പിന്നെയാണോ ശബരിമല? ; ചോദ്യവുമായ് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപിയുടെ അക്രമ പ്രകടനങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍. കഴിഞ്ഞ ദിവസം കനക ദുര്‍ഗ, ബിന്ദു എന്നീ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നു ഇതിന് പിന്നാലെ വ്യാപക അക്രമമാണ് ബിജെപി സംഘപരിവാര്‍ അഴിച്ച് വിട്ടത്. ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലോക് ജന്‍ശക്തി പാര്‍ട്ടി അധ്യക്ഷന്‍കൂടിയായ രാംവിലാസ് പസ്വാന്‍.

മൂന്ന് ദിവസമായിട്ടും സംഘര്‍ഷങ്ങളില്‍ യാതൊരു അയവുമില്ല. ഇത്തരത്തില്‍ അക്രമം അഴിച്ച് വിടുന്നത് ശരിയല്ലെന്നും ബഹിരാകാശത്തുവരെ പോകുന്ന സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിച്ചുകൂടാ? എന്നുമായിരുന്നു പസ്വാന്റെ ചോദ്യം.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധിയെ ബിജെപി എതിര്‍ത്തിട്ടുണ്ടാകാം, എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതില്‍ ഇടപെട്ടിട്ടില്ല. സുപ്രീംകോടതി വിധിക്കുശേഷം രണ്ടുയുവതികളെങ്കിലും അവിടെ പ്രവേശിച്ചതില്‍ സന്തോഷം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു

Top