Ram temple work to start this year-end: Subramanian Swamy

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ധാരണയിലെത്താന്‍ കഴിഞ്ഞാല്‍ സരയു നദിയുടെ ഇരു കരകളിലുമായി ക്ഷേത്രവും പള്ളിയും നിര്‍മ്മിയ്ക്കാന്‍ കഴിയുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടു. രാമക്ഷേത്ര നിര്‍മ്മാണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ നിലവിലുള്ളപ്പോഴാണ് സ്വാമിയുടെ വിവാദ പ്രസ്താവന.

സെപ്റ്റംബറിനുള്ളില്‍ രാമക്ഷേത്രത്തിന് അനുകൂലമായ വിധി സുപ്രീം കോടതിയില്‍ നിന്ന് നേടുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അവകാശപ്പെട്ടു. ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട പദ്ധതി ജനുവരി 9ന് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിയ്ക്കും. കോടതി വിധിയ്ക്ക് ശേഷം മാത്രമേ ക്ഷേത്രനിര്‍മ്മാണം തുടങ്ങൂ എന്നും അതിനായി ജനകീയ മുന്നേറ്റമുണ്ടാവില്ലെന്നും സ്വാമി പറഞ്ഞു.

2017ലെ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ല. രാമനെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിയ്‌ക്കേണ്ട കാര്യമില്ല. രാമക്ഷേത്രം നിര്‍മ്മിയ്ക്കാന്‍ ഒരോ ഹിന്ദുവും പ്രതിജ്ഞാബദ്ധരാണെന്നും സ്വാമി അഭിപ്രായപ്പെട്ടു. ഡല്‍ഹി സര്‍വകലാശാലയില്‍ ശ്രീ രാം ജന്മഭൂമി ടെംപിള്‍: ദ എമര്‍ജിംഗ് സിനാരിയോ എന്ന വിഷത്തില്‍ സംഘടിപ്പിയ്ക്കുന്ന രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സ്വാമി പറഞ്ഞു.

300ഓളം പണ്ഡിതരും നിയമവിദഗ്ദരും ആര്‍ക്കിയോളജിസ്റ്റുകളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. ക്ഷേത്ര നിര്‍മ്മാണത്തിനെന്ന പേരില്‍ വി.എച്ച്.പി അയോദ്ധ്യയില്‍ കല്ലുകള്‍ ഇറക്കിയത് കഴിഞ്ഞയാഴ്ചയാണ്.

Top