അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ നടത്തും: അമിത് ഷാ

ലക്‌നൗ: തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും രാമക്ഷേത്ര വിഷയം ഉയര്‍ത്തിപ്പിടിച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അയോധ്യയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗജ്‌റൗലയില്‍ നടന്ന ബി ജെ പി റാലിയിലാണ് അമിത് ഷാ രാമക്ഷേത്ര നിര്‍മാണം പരാമര്‍ശിച്ചത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും ഒരു ശക്തനായ നേതാവ് ആവശ്യമാണ്. ആ നേതാവ് ബിജെപിക്കൊപ്പമാണ്. ആ നേതാവാണ് നരേന്ദ്രമോദിയെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ പറഞ്ഞു.

അതേസമയം വെടിയുണ്ടകളെ നേരിടേണ്ടി വന്നാലും ഫെബ്രുവരി 21ന് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് സ്വാമി സ്വരൂപാനന്ദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രയാഗ് രാജിലെ കുംഭ മേളയ്ക്കിടെ ചേര്‍ന്ന സന്യാസി സമ്മേളനത്തിലാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി മുന്നോട്ട് പോകുമെന്ന് സ്വരൂപാനന്ദ പ്രഖ്യാപിച്ചത്.

അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്തുള്ള അധിക ഭൂമി യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് തിയതി പ്രഖ്യാപിച്ച് കൊണ്ടുള്ള ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ പ്രസ്താവന. തര്‍ക്കമന്ദിരത്തിന് പുറത്തുള്ള ഭൂമി രാം ജന്മഭൂമി ന്യാസിന്റെ 67 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

Top