രാമക്ഷേത്ര നിർമ്മാണത്തിന് ഒടുവിൽ കേന്ദ്ര സർക്കാരും മുന്നിട്ടിറങ്ങുന്നു, ഇനി ?

ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്.

ആര്‍.എസ്.എസ് നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിര്‍ണ്ണായക തീരുമാനം എടുത്തതായാണ് പുറത്തു വരുന്ന വിവരം. ഉടന്‍ തന്നെ ബി.ജെ.പി നേതൃയോഗവും സംഘപരിവാര്‍ സംഘടനകളുടെ സംയുക്ത യോഗവും നടക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കുന്ന പശ്ചാത്തലത്തില്‍ രാമക്ഷേത്ര ആയുധമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും കേന്ദ്ര ഭരണം പിടിക്കാന്‍ ബി.ജെ.പിയുടെ പക്കലില്ല എന്നത് തിരിച്ചറിഞ്ഞാണ് തിരക്കിട്ട നീക്കങ്ങള്‍.

പ്രതിപക്ഷ ഐക്യനിര മഹാ സഖ്യമായി മാറുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ഭരണ നേട്ടങ്ങള്‍ പറഞ്ഞത് കൊണ്ട് മാത്രം വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വം തന്നെ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ പാസായാലും ഇല്ലെങ്കിലും, അത്തരമൊരു നീക്കം തന്നെ രാഷ്ട്രീയപരമായ നേട്ടമായി മാറുമെന്നാണ് ആര്‍.എസ്.എസ് കണക്കുകൂട്ടല്‍.

ഇക്കാര്യം നിലവിലെ ബി.ജെ.പി വോട്ട് ബാങ്കിനെ ബോധിപ്പിക്കാന്‍ കഴിയുമെന്നാണ് ആത്മവിശ്വാസം. ഡിസംബര്‍ 11 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാമക്ഷേത്ര വിഷയത്തില്‍ പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടുവരാനാണ് ഇപ്പോഴത്തെ തിരക്കിട്ട ആലോചന.

ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തു, ഇനി ഒരു ഡിസംബര്‍ ആറിന് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഡല്‍ഹിയില്‍ നടത്തിയ പടു കൂറ്റന്‍ റാലിയില്‍ വി.എച്ച്.പി-ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ കാലാവധി തികക്കും മുന്‍പ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി ചുവട് വയ്പ് നടത്തണമെന്നതാണ് സംഘ പരിവാറിലെ ഏറ്റവും ശക്തമായ വി.എച്ച്.പിയുടെ ആവശ്യം.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഡല്‍ഹിയില്‍ പത്തു ദിവസം നീണ്ടു നിന്നിരുന്ന ആര്‍.എസ്.എസിന്റെ സങ്കല്‍പ് രഥയാത്ര രാംലീല മൈതാനത്താണ് സമാപിച്ചത്.

റാലിയെ അഭിസംബോധന ചെയ്ത ആര്‍.എസ്.എസ് നേതാവ് സുരേഷ് ബയ്യാജി ജോഷി രാമക്ഷേത്രം സാധ്യമാകാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു.

ബി.ജെ.പി ഉള്‍പ്പെടെ സകല സംഘപരിവാര്‍ സംഘടനകളെയും നിയന്ത്രിക്കുന്ന ആര്‍.എസ്.എസ് കടുത്ത നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്.

ആയിരങ്ങള്‍ കൊല്ലപ്പെട്ട കലാപത്തിന്റെ ചുവന്ന നാളുകള്‍ ഇനിയും തിരിച്ചു വരുമോ എന്ന ആശങ്ക രാഷ്ട്രീയ കേന്ദ്രങ്ങളിലും ശക്തമാണ്.

സംഘപരിവാറിനെ സംബന്ധിച്ച് മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടത് അനിവാര്യമായ ഘടകമാണ്. രാമക്ഷേത്ര വിഷയം മുന്‍ നിര്‍ത്തി അധികാരത്തില്‍ വന്നിട്ട് ഒന്നും ചെയ്തില്ലെന്ന പഴി പരിവാര്‍ പ്രവര്‍ത്തകരില്‍ തന്നെ ഉയര്‍ന്ന സ്ഥിതിക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ കാവി പടക്കു മുന്നില്‍ ഇപ്പോഴില്ല.

മുംബൈയില്‍ മാത്രം ഒതുങ്ങുന്ന ശിവസേന യുപിയില്‍ എത്തി പ്രതിഷേധ ജാഥ നടത്തിയതും അപകട സിഗ്‌നലായാണ് സംഘ പരിവാര്‍ നേതൃത്വം കാണുന്നത്.

സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകാതെ നോക്കുകയും അതോടൊപ്പം ഹൈന്ദവ വിശ്വാസികളുടെ വികാരം ഒരിക്കല്‍ കൂടി ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, രാജ്യസഭയില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ സഹായിച്ചിരുന്ന ടി.ആര്‍.എസ്, ബിജു ജനതാദള്‍, അണ്ണാ ഡി.എം.കെ പാര്‍ട്ടികള്‍ ഓര്‍ഡിനന്‍സ് നീക്കത്തെ പിന്തുണക്കില്ലെന്ന് ഇതിനകം തന്നെ ബി.ജെ.പി നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

Top