ഇന്ത്യ-ചൈന സംഘര്‍ഷം; രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള പൂജ നീട്ടിവെച്ചു

അയോധ്യ: രാമ ജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടത്താനിരുന്ന ഭൂമി പൂജ നീട്ടിവെച്ചു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ജൂലായ് 2-ന് നടത്താനിരുന്ന ഭൂമി പൂജയാണ് മാറ്റിവെച്ചത്.

രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും, നിലവില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭൂമി പൂജ മാറ്റിവെക്കുകയാണെന്നും പുതിയ തീയതി ഉടന്‍ അറിയിക്കുമെന്നും ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വ്യാഴാഴ്ച അയോധ്യയിലേക്ക് നടത്താനിരുന്ന തന്റെ സന്ദര്‍ശനം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാറ്റിവെച്ചിരുന്നു. ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ രക്തസാക്ഷിത്വം വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ട്രസ്റ്റ് അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി ഒരു വെബ്‌സൈറ്റിനും ട്രസ്റ്റ് രൂപം നല്‍കിയിട്ടുണ്ട്.

Top