രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്; ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാട് വ്യക്തമാക്കി ചലച്ചിത്ര താരങ്ങള്‍

കോട്ടയം : രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാട് വ്യക്തമാക്കി ചലച്ചിത്ര താരങ്ങളും ആക്ടിവിസ്റ്റുകളും. ‘ഭാരതത്തിലെ ജനങ്ങളായ നാം..’ എന്നു തുടങ്ങുന്ന ആമുഖത്തിന്റെ ചിത്രമാണു സംവിധായകന്‍ ആഷിഖ് അബു, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

‘നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേര്‍ത്താണു പാര്‍വതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നു ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും ഇന്‍സ്റ്റഗ്രാമില്‍ ഇതേ പോസ്റ്റ് പങ്കിട്ടു. താരങ്ങളുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍നിന്ന് പി.ടി.ഉഷയടക്കം 20 പ്രമുഖരും 22 സന്യാസിമാരും ഉള്‍പ്പെടെ ഇന്ത്യയില്‍നിന്നും പുറത്തുമായി ആകെ 8000 പേര്‍ക്കാണു ചടങ്ങിലേക്കു ക്ഷണം. താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷമാണ് പ്രാണപ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ചടങ്ങിന്റെ ‘മുഖ്യ യജമാനന്‍’. മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണു പ്രതിഷ്ഠിക്കുന്നത്.

Top