രാമക്ഷേത്ര വിഷയത്തില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനമുന്നയിച്ച് ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. രാംലീല മൈതാനത്ത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന പടുകൂറ്റന്‍ റാലിയിലാണ് രാമക്ഷേത്ര വിഷയത്തില്‍ ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പേരെടുത്ത് പറയാതെ ബിജെപിയെ വിമര്‍ശിച്ചത്.

‘ഇന്ന് അധികാരത്തിലുള്ളവര്‍ രാമക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കുമെന്ന് വാക്കു തന്നവരാണ്. ജനങ്ങളെ കേള്‍ക്കാനും അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനും അധികാരത്തിലുള്ളവര്‍ തയ്യാറാകണം. ഞങ്ങള്‍ അതിന് വേണ്ടി യാചിക്കുകയല്ല. ഞങ്ങളുടെ വികാരം വെളിപ്പെടുത്തുകയാണ്. രാജ്യത്തിന് രാമരാജ്യം ആവശ്യമാണ്.’ ഭയ്യാജി ജോഷി പറഞ്ഞു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്നോടിയായിരുന്നു ഡല്‍ഹിയില്‍ റാലി സംഘടിപ്പിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നടന്ന കൂറ്റന്‍ റാലിയില്‍ ഒന്നരലക്ഷത്തോളം ആളുകള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയ്ക്ക് പുറമേ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, ഭാഗ്പഥ്, മീററ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയവരും റാലിയില്‍ പങ്കെടുത്തു. രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമം ആവശ്യമാണെങ്കില്‍ അത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭയ്യാജി ജോഷി റാലിയില്‍ ആവശ്യപ്പെട്ടു.

Top