തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു;രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് മിണ്ടാറില്ല. .

rahul-ayodhya

ന്യൂഡല്‍ഹി: കര്‍ക്കിടക മാസത്തിലെ ശാന്തമായ രാമായണ പാരായണങ്ങളില്‍ രാമ സാമ്രാജ്യമായി പാടിപ്പുകഴ്ത്തിയ അയോധ്യക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. ഇന്ത്യന്‍ ഭരണ ചക്രത്തിന്റെ ഗതിമാറ്റിയ ചരിത്രമുണ്ട്, ഇനിയും കരകയറിയിട്ടില്ലാത്ത വര്‍ഗ്ഗീയ വല്‍ക്കരണത്തിന്റെ ചോരപ്പാടുകളുണ്ട്…

മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ പണി കഴിപ്പിച്ചതാണ് ബാബറി മസ്ജിദ്. അതിന് മുമ്പ് ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് ഹിന്ദുക്കളുടെ വാദം. അത് തകര്‍ത്താണ് ബാബര്‍ പള്ളി പണിതതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. 1853ല്‍ ഇവിടെ തുടങ്ങിയ വിവിധ കലാപങ്ങള്‍ കാലം അയോധ്യയെ പ്രധാന രാഷ്ട്രീയ ആയുധമാക്കി മാറ്റി. 1905ല്‍, 1934ല്‍, 1949ല്‍ എല്ലാം വര്‍ഗ്ഗീയപ്രശ്‌നങ്ങള്‍ നടന്നു കൊണ്ടേയിരുന്നു.

1992 ഡിസംബറില്‍ ഇന്ത്യന്‍ ഭരണഘടനയിലെ മതനിരപേക്ഷക മൂല്യങ്ങള്‍ക്ക് പുല്ലുവില നല്‍കി ബാബ്‌റി മസ്ജിദ് തകര്‍ത്ത് വര്‍ഗ്ഗീയ കലാപത്തിന് വെടിമരുന്നിട്ടു. പിന്നീടിങ്ങോട്ട് ഉണ്ടായിട്ടുള്ള തെരഞ്ഞെടുപ്പിന് ഇതേ വിഷയം വലിയ ആയുധമായിരുന്നു. 10 മാസം മുന്‍പേ മസ്ജിദ് തകര്‍ക്കാന്‍ ആസൂത്രണങ്ങള്‍ നടന്നിരുന്നു എന്ന് മുന്‍ ഐബി ഉദ്യോഗസ്ഥന്‍ കൃഷ്ണധരിന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തി.

ഇതിന് പിന്നാലെ വന്ന അന്വേഷണ റിപ്പോര്‍ട്ടുകളും ഇതിനെ സാധൂകരിക്കുന്നതാണ്. കോണ്‍ഗ്രസ് നേതൃത്വം പോലും പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചു എന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതും മറ്റുള്ളവരെക്കാള്‍ കോണ്‍ഗ്രസിന്റെ പാപഭാരം കൂട്ടി. കാരണം, അതല്ല പാര്‍ട്ടി ചരിത്രം എന്നത് തന്നെയാണ്. ദീര്‍ഘ വീക്ഷണത്തോടെയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍ തന്നെ വളര്‍ന്നു വന്നതാണ് പ്രസ്ഥാനത്തിന്റെ അടിത്തറ എന്നതാണ്. അധികാരം ഉണ്ടായിട്ടും അത് വേണ്ട വിധം ഉപയോഗിക്കാതെ മിണ്ടാതിരുന്നു എന്നത് കൊണ്ടാണ്. വിഗ്രഹം വെച്ച് ആരാധിക്കാന്‍ ഹിന്ദുക്കള്‍ക്ക് രാജീവ് ഗാന്ധി അനുവാദം നല്‍കിയത് നരസിംഹറാവുവിന്റെ കാലത്ത് പിന്‍വലിച്ചതും വ്യക്തവും ശക്തവുമായ നിലപാടെടുക്കാന്‍ പേടിയുള്ളത് കൊണ്ടാണ്.

28-YT-GT-BABRIGC51K3G273jpgjpg

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് 2019 നിര്‍ണ്ണായകമാണ്. വിട്ടു കൊടുക്കാതെ, പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും വാശിയോടെ പ്രവര്‍ത്തിക്കുന്നു. ഹിന്ദു വര്‍ഗ്ഗീയവാദത്തിന് ഇന്ത്യയില്‍ ഇപ്പോഴും വലിയ സ്‌ക്കോപ്പുണ്ട്. അതു കൊണ്ടാണ് നിലനില്‍പ്പിന് വേണ്ടിയാണെങ്കില്‍ പോലും കോണ്‍ഗ്രസ് ഈ വജ്രായുധം ഉപേക്ഷിക്കാത്തത്. ശബരിമലയില്‍ പോലും നിസ്സംഗത പാലിച്ചത്. വ്യക്തമായ നിലപാടുകള്‍ രൂപീകരിക്കാന്‍ പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും സാധിച്ചിട്ടില്ല.

ഒരു തെരഞ്ഞെടുപ്പ് കാലം വരുമ്പോള്‍ അയോധ്യ ഇങ്ങനെ കത്തിയ്‌ക്കേണ്ടത് വലിയ അത്യാവശ്യ കാര്യമാണ് എന്നാണ് വിവിധ പാര്‍ട്ടികളുടെ നിലപാടുകള്‍. വെറുതെയെങ്കിലും അതൊന്ന് പരാമര്‍ശിക്കണം. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ഇങ്ങ് കേരളത്തില്‍ പോലും അലയൊലികള്‍ ഉണ്ടായേക്കാം.

രാമക്ഷേത്രം തന്റെ സ്വപ്നമാണെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി, സ്ഥങ്ങള്‍ പരിശോധിച്ച് കഴിഞ്ഞെന്നും നിര്‍മ്മാണത്തിനുള്ള തീരുമാനങ്ങളായെന്നും യോഗി ആദിത്യനാഥ്, ക്ഷേത്രം വേണമെന്ന് യുവശബ്ദം അപര്‍ണ്ണ യാദവ്, കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് മോഹന്‍ ഭാഗവത്, മുസ്ലീങ്ങള്‍ അവകാശ വാദം ഉപേക്ഷിക്കണമെന്ന് സുശീല്‍ മോദി, സുപ്രീംകോടതി നമ്മുടേതാണെന്നും രാമക്ഷേത്രം നിശ്ചയദാര്‍ഢ്യമാണെന്നും മുക്ത് ബിഹാരി വര്‍മ. . . ഇങ്ങനെ പോകുന്നു ഈ രണ്ട് മാസത്തിനുള്ളില്‍ മാത്രം നടന്ന പരസ്യ പ്രസ്ഥാവനകള്‍.

rss

കോണ്‍ഗ്രസ് തികഞ്ഞ നിശബ്ദത പാലിച്ച് ഒളിച്ചു കളിയ്ക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിലപാട് പറയാതെ പ്രശ്‌നങ്ങള്‍ ഗുരുതരമാകുമ്പോള്‍ ആരോപണങ്ങളുമായി രംഗത്തു വരാനാണ് കണക്കു കൂട്ടല്‍. പ്രതിപക്ഷം എന്ന നിലയില്‍ ഇനിയും കോണ്‍ഗ്രസ് നല്‍കുന്ന ഈ മൗനാനുവാദം വലിയ തെറ്റു തന്നെയാണ്. കാരണം, രാജ്യം അടുത്ത വര്‍ഗ്ഗീയ ധ്രുവീകരണ മുതലെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. ഭരണത്തിലേറാന്‍ തയ്യാറായിരിക്കുന്ന പാര്‍ട്ടി ഇതിനെ പ്രതിരോധിക്കാന്‍ തയ്യാറാകാത്തതിലൂടെ ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിയ്ക്കുകയാണ്.

ആര്‍എസ്എസിന്റെയും ശിവസേനയുടെയും ആവശ്യത്തിനൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് കൃപാശങ്കര്‍ സിംഗ് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഭക്തര്‍ തന്നെ ഇതിന് മുന്‍കൈ എടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. വിഷയത്തില്‍ ആദ്യമായി പരസ്യ പ്രസ്ഥാവന നടത്തുന്ന കോണ്‍ഗ്രസ് നേതാവാണ് ഇദ്ദേഹം.

ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിലാണ് ശശിതരൂര്‍ എംപിയുടെ പ്രസ്ഥാവന. രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം പണിയാന്‍ ഭൂരിഭാഗം ഹിന്ദുക്കളും ആഗ്രഹിക്കുന്നു, എന്നാല്‍ മറ്റൊരു ആരാധന കേന്ദ്രം പൊളിച്ചു കൊണ്ടല്ല അത് വേണ്ടത് എന്നാണ് പാര്‍ട്ടി നിലപാടല്ല എന്ന പ്രത്യേക പരാമര്‍ശത്തോടെ തരൂര്‍ പറഞ്ഞത്.

karnataka

നിലപാടുകള്‍ ഇങ്ങനെ പോകുമ്പോഴും ഏത് നിമിഷവും കലാപ ഭീതിയില്‍ ഉറങ്ങാന്‍ കഴിയാതെ പെടാപ്പാട് പെടുന്ന ഒരു ജനവിഭാഗമുണ്ടിവിടെ. ഇത്തവണ ദീപാവലി ആഘോഷങ്ങള്‍ക്ക് 20,000 പേരാണ് അയോധ്യയില്‍ എത്തിയത്. രാമക്ഷേത്രം വേണമെന്ന് പറഞ്ഞെത്തുന്നവരില്‍ ഭൂരിഭാഗവും പുറത്തു നിന്നള്ളവരാണ്. ഓര്‍ഡിനന്‍സുകള്‍ക്കും വോട്ട് രാഷ്ട്രീയത്തിനും കോപ്പ് കൂട്ടുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമായി മുന്നോട്ട് പോകുമ്പോള്‍ സ്ഥലം ഇടിച്ചു നിരത്തി രാഷ്ട്രീയ കളികള്‍ക്കു പകരം കുട്ടികള്‍ക്ക് കളിക്കാന്‍ മൈതാനമൊരുക്കണം എന്ന് തദ്ദേശവാസികള്‍ ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്???

റിപ്പോര്‍ട്ട്:എ.ടി അശ്വതി

Top