കശ്മീരില്‍ സ്ഥിതി സാധാരണം, പക്ഷെ കോണ്‍ഗ്രസ്…; പരിഹാസവുമായി ഷാ

മ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളെ വിമര്‍ശിക്കവെയാണ് കശ്മീരില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് പ്രവചിച്ച പാര്‍ട്ടിയെ അമിത് ഷാ വിമര്‍ശിച്ചത്.

‘കശ്മീര്‍ താഴ്‌വരയിലെ സ്ഥിതി തികച്ചും സാധാരണമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ സാധാരണമാക്കാന്‍ എനിക്ക് സാധിക്കില്ല, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നാണ് അവര്‍ പ്രവചിച്ചത്. അത്തരമൊരു സംഭവവും ഉണ്ടായിട്ടില്ല, ഒരു ബുള്ളറ്റ് പോലും പൊട്ടിച്ചില്ല’, അമിത് ഷാ പറഞ്ഞു.

കശ്മീരിലെ ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യവും, കുട്ടികളുടെ സ്‌കൂളുകളിലേക്കുള്ള മടങ്ങിവരവും തുടങ്ങിയ വിവരങ്ങള്‍ സഹമന്ത്രി ജി കിഷന്‍ റെഡ്ഡി സഭയില്‍ വിവരിച്ചു. എന്നാല്‍ സഹമന്ത്രിയുടെ വിവരണം കേട്ടാല്‍ രാമരാജ്യമാണ് കശ്മീരെന്ന് തോന്നുമെന്നാണ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചത്. രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തടങ്കലില്‍ തുടരുന്നത് സ്ഥിതി മറിച്ചാണെന്ന് വ്യക്തമാക്കുന്നുവെന്നും ചൗധരി ആരോപിച്ചു.

എന്നാല്‍ അമിത് ഷാ ഈ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയ്യാറായി. ‘99.5 ശതമാനം കുട്ടികളും സ്‌കൂളില്‍ പരീക്ഷകള്‍ക്കെത്തി. ഇത് കോണ്‍ഗ്രസിന് സാധാരണമല്ല. 7 ലക്ഷം പേര്‍ ആശുപത്രികളിലെ ഒപി വിഭാഗങ്ങളില്‍ ചികിത്സയ്‌ക്കെത്തി. അതും സ്വാഭാവിക കാര്യമല്ല. അവരുടെ ശാന്തത ആരംഭിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴാണ്’, ആളുകളുടെ ജീവിതത്തെ പരിഗണിക്കുന്നില്ലെന്ന അര്‍ത്ഥത്തില്‍ അമിത് ഷാ വിമര്‍ശനം ഉന്നയിച്ചു.

Top