ram navami pooja in JNU

ദില്ലി: രാജ്യദ്രോഹികളെ തുടച്ചുനീക്കി ക്യാമ്പസിനെ ശുദ്ധമാക്കാന്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പ്രത്യേക പൂജ നടത്തി. ഹിന്ദു വിദ്യാര്‍ത്ഥി സേനയും ഹിന്ദു ജാഗരണ്‍ അഭിയാനും ചേര്‍ന്നാണ് ജെഎന്‍യുവില്‍ പൂജ നടത്തിയത്.

വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടന്നത്. ഹിന്ദു ജാഗരണ്‍ അഭിയാന്‍ പ്രവര്‍ത്തകര്‍ അധികമുള്ള മാന്ദ്വി ഹോസ്റ്റലിന്റെ പുല്‍ത്തകിടിയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇന്ത്യയിലെ എല്ലാ ദേശദ്രോഹികളെയും ഇല്ലാതാക്കാനും അവിശുദ്ധ ചിന്തകളുള്ള ആളുകളില്‍ നിന്നും രാജ്യത്തെയും സര്‍വകലാശാലയേയും രക്ഷിക്കാനുമാണ് പൂജയെന്ന് സംഘാടകര്‍ പറഞ്ഞു.

ഇതിനുവേണ്ടി രാം നവമി പൂജയും ഭഗവതി പൂജയുമാണ് നടത്തിയത്. സര്‍വകലാശാലയില്‍ ഐക്യം കൈവരാന്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചതായും സംഘാടകര്‍ പ്രസതാവനയില്‍ വ്യക്തമാക്കി. ഹിന്ദു മഹാസഭാ നേതാവ് അജയ് ഗൗതമായിരുന്നു ചടങ്ങിലെ മുഖ്യ അതിഥി.

അതിനിടെ ക്യാമ്പസില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അക്കാദമിക് സ്ഥാപനത്തില്‍ ഇതുപോലുള്ള മതചടങ്ങുകള്‍ക്ക് സ്ഥാനമില്ലെന്നാണ് ഇവര്‍ പറയുന്നത്.

Top