‘രാഷ്ട്രീയ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല’ നിലപാട് കടുപ്പിച്ച് രാഷ്ട്രപതിയും

തിരുവനന്തപുരം : രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. രാഷ്ട്രീയ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ അസഹിഷ്ണത പാടില്ലന്നും അദ്ദേഹം പറഞ്ഞു രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിന് ദുഷ്‌പേര് ഉണ്ടാക്കുന്നു. ചില ഭാഗങ്ങളില്‍ നിന്നു മാത്രമാണ് ഇത്തരം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും രാഷ്ട്രപതി അറിയിച്ചു.

കേരളം കൈവരിച്ച നേട്ടങ്ങളെയാകെ ഇല്ലാതാക്കുന്നതാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും രാഷ്ട്രപതി പറഞ്ഞു. കേരളത്തിന്റെയും അവിടത്തെ ജനങ്ങളുടെയും തിളങ്ങുന്ന പാരമ്പര്യത്തോട് നീതി ചെയ്യുന്നതല്ല ഇത്. ഇത്തരം പ്രവണതകള്‍ വളരുന്നത് തടയാന്‍ രാഷ്ട്രീയപാര്‍ട്ടികളും പ്രബുദ്ധരായ ജനങ്ങളും ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്നും രാഷ്ട്രപതി പറഞ്ഞു.

കേരള നിയസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപനം കുറിച്ചുള്ള ‘ജനാധിപത്യത്തിന്റെ ഉത്സവം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

സംവാദങ്ങളും എതിര്‍പ്പുകളും വിയോജിപ്പുകളുമെല്ലാം തീര്‍ത്തും അംഗീകരിക്കാവുന്നതും സ്വീകരിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ നമ്മുടെ ഭരണഘടനയില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. ഈ ‘ജനാധിപത്യത്തിന്റെ ഉത്സവ’ത്തില്‍ ഇതേക്കുറിച്ച് അല്പം ചിന്തകള്‍ മാറ്റിവയ്ക്കുന്നത് നന്നായിരിക്കും. ഇക്കാര്യത്തില്‍ ഗൗരവതരമായ ആലോചനകള്‍ രാജ്യത്തെയും കേരളത്തിലെയും ജനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. സംവാദം, പരസ്പര ബഹുമാനം, മറ്റൊരാളുടെ ആശയത്തെ അംഗീകരിക്കുക എന്നതൊക്കെയാണ് കേരള സമൂഹത്തിന്റെ സവിശേഷതകളായി വിലയിരുത്തപ്പെടുന്നത്. മലയാളികളെ രാജ്യത്തിന്റെ ചിന്താനേതാക്കളായി മാറ്റിയതും ഇതാണ്. ഇത് പൗരസമൂഹത്തെ സ്വാധീനിക്കുകയും ഈ സഭയുടെ പ്രവര്‍ത്തനത്തെ കഴിഞ്ഞ 60 വര്‍ഷമായി നടത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍, രാഷ്ട്രീയ അക്രമങ്ങള്‍ ഇതിന് തീര്‍ത്തും വിരുദ്ധമായി നില്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൂപരിഷ്‌കരണം മുതല്‍ പഞ്ചായത്തിരാജ് വരെയും സാക്ഷരത മുതല്‍ ആരോഗ്യസംരക്ഷണം വരെയും കേരളത്തിലെ ജനങ്ങള്‍ പലതും നേടിയിട്ടുണ്ട്. ഈ സഭയിലാണ് ഇതിനുള്ള നിയമങ്ങള്‍ രൂപപ്പെട്ടത്. ഇതാണ് കേരള മാതൃകയെന്ന സാമൂഹിക നേട്ടത്തിലേക്ക് കേരളത്തെ എത്തിച്ചത്. സംതൃപ്തിയോടെ പിന്നോട്ട് തിരിഞ്ഞു നോക്കുമ്‌ബോള്‍ പ്രത്യാശയോടെ ഭാവിയേയും നോക്കിക്കാണേണ്ടതുണ്ട്. സാമൂഹികരംഗത്തെ നിക്ഷേപങ്ങളിലൂടെ ഈ നാട്ടിലെ പ്രതിഭാശാലികള്‍ക്ക് രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയില്‍ മാത്രമല്ല, ലോകത്തിന്റെ പലഭാഗത്തും സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നുണ്ട്. കേരളത്തിലെ യുവത്വം ഏറെ മൂല്യവത്താണ്. ഇത് ഇവിടുത്തെ മാനുഷിക മൂലധനവുമാണ്. കേരള മാതൃകയുടെ രണ്ടാംഘട്ടത്തില്‍ ഇവിടുത്തെ യുവത്വത്തിന് ഇവിടെ തന്നെ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കണം. രാജ്യത്തെവിടെയും ഇവരുടെ പ്രവര്‍ത്തനം സ്വാഗതം ചെയ്യപ്പെടുന്നുണ്ടെങ്കിലും വ്യാവസായികമേഖലയില്‍ കേരളത്തിന്റെ ഓഹരി അഭിസംബോധന ചെയ്യണമെങ്കില്‍ ഇവര്‍ അനിവാര്യമാണ്.

കഴിഞ്ഞ നൂറ്റാണ്ടുകളിലും ചര്‍ച്ചകളേയും സംവാദങ്ങളേയും പ്രോത്സാഹിപ്പിച്ചിരുന്ന സാമൂഹിക ചട്ടക്കൂടായിരുന്നു കേരളത്തിന്റേത്. ആദിശങ്കരാചാര്യ, ശ്രീ നാരായണഗുരുദേവന്‍, അയ്യങ്കാളി തുടങ്ങിയ പരിഷ്‌കര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന് സഹായിച്ചത്. കേരളത്തിന്റെ ഡി.എന്‍.എയില്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ സംസ്‌കാരവും സംവാദവും പരസ്പരം അംഗീകരിക്കലുമാണ് പ്രധാനം. അത് പൊതുജീവിതത്തിലും നിയമസഭയിലും സംരക്ഷിക്കപ്പെടണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

നേരത്തെ കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രംഗത്ത് എത്തിയിരുന്നു. അക്രമവും വികസനവും ഒത്തു പോകില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിന് ദോഷം ചെയ്യും. സമാധാനം ഉറപ്പാക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര ശത്രുത അവസാനിപ്പിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.

Top