ഞങ്ങളുടെ ശവകുടീരത്തിന് മുകളിലാണോ നിങ്ങള്‍ ക്ഷേത്രം പണിയുന്നത്?

അയോധ്യ: മുസ്ലീങ്ങളുടെ ശവകുടീരങ്ങള്‍ക്ക് മുകളിലാണോ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതെന്ന് അയോധ്യയിലെ മുസ്ലീം കുടുംബങ്ങള്‍. ശ്രീരാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്രക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രസ്റ്റ് ചെയര്‍മാന്‍ പരാശരന്‍ അടക്കമുള്ളവര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. പൊളിച്ചുമാറ്റിയ ബാബ്‌രി മസ്ജിദ് പള്ളിക്ക് സമീപമുള്ള അഞ്ച് ഏക്കര്‍ പരിസരത്ത് മുസ്ലീങ്ങളെ ശവമടക്കിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. 1855 കലാപത്തില്‍ കൊല്ലപ്പെട്ടവരെയാണ് പള്ളിക്ക് സമീപം അടക്കം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പള്ളിക്ക് സമീപത്തെ അഞ്ച് ഏക്കര്‍ പരിധിയില്‍ ക്ഷേത്രം നിര്‍മിക്കുന്നത് നല്ലതല്ലെന്നും ഇവര്‍ സൂചിപ്പിച്ചു.

അയോധ്യയില്‍ താമസിക്കുന്ന ഒമ്പത് മുസ്ലിം കുടുംബങ്ങളാണ് കത്തെഴുതിയത്. എംആര്‍ റംഷാദ് എന്ന പേരിലുള്ള ഒരാളുടെ പേരിലാണ് സമീപത്തെ കുടുംബങ്ങള്‍ ഒപ്പിട്ട കത്ത് ട്രസ്റ്റിന് അയച്ചത്. 1855ലെ കലാപത്തില്‍ 75 മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അവരെ പള്ളിക്ക് ചുറ്റുമാണ് അടക്കിയിരിക്കുന്നത്. അതിന് ശേഷം മുസ്ലീങ്ങളുടെഈ ശ്മശാനമായിരുന്നു. ശ്മശാനമാണെന്നത് മുസ്ലിംകളുടെ അവകാശവാദവും ആയിരുന്നു. എന്നാല്‍,1994 ലെ ഇസ്മായില്‍ ഫാറൂഖി കേസില്‍ സുപ്രീംകോടതിയുടെ വിധിന്യായത്തിനുശേഷം, മസ്ജിദും രാം ക്ഷേത്രവും തമ്മിലുള്ള തര്‍ക്കം 2.77 ഏക്കറിലൊതുങ്ങി.

മുസ്ലീങ്ങളുടെ ശവകുടീരത്തിന് മുകളില്‍ തറക്കല്ലിടണോ എന്ന് ആലോചിക്കുക. എന്തായാലും തീരുമാനം ട്രസ്റ്റിന്റേത് മാത്രമായിരിക്കും. ശ്രീരാമനോടുള്ള ബഹുമാനം വെച്ച് പറയട്ടെ, പൊളിച്ച പള്ളിക്ക് 4-5 ഏക്കര്‍ പരിസരത്ത് ക്ഷേത്രം നിര്‍മിക്കരുത്. ശവകുടീരങ്ങള്‍ ഒറ്റനോട്ടത്തില്‍ കാണാതിരിക്കാം. 1949ല്‍ പള്ളിക്കകത്ത് വിഗ്രഹം കൊണ്ടുവെച്ചതിന് ശേഷം ഈ ഭൂമിയില്‍ നിരന്തര മാറ്റങ്ങളുണ്ടായിട്ടുണ്ട്. 1992ല്‍ പള്ളി പൊളിക്കുകയും ചെയ്തുവെന്നും കത്തില്‍ പറയുന്നു.

Top