മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജഠ്മലാനി അന്തരിച്ചു. . .

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി (95) അന്തരിച്ചു. ഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന അദ്ദേഹം രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് വേണ്ടിയും അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കെതിരെയും വാദിച്ചിരുന്നു.

ആറ്, ഏഴ് ലോക്സഭകളില്‍ ബിജെപി ടിക്കറ്റില്‍ മുംബൈയില്‍ നിന്നു പാര്‍ലമെന്റില്‍ എത്തിയ ജഠ്മലാനി, അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയില്‍ നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

സുപ്രീംകോടതിയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായിരുന്ന ജഠ്മലാനി പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ശിഖര്‍പുറില്‍ 1923-ലാണ് ജനിച്ചത്. വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റുകയും 17-ാം വയസില്‍ നിയമബിരുദം കരസ്ഥമാക്കുകയും ചെയ്ത അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്.

രത്ന ജഠ്മലാനി, ദുര്‍ഗ ജഠ്മലാനി എന്നിവര്‍ ഭാര്യമാരാണ്. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. മക്കളായ മഹേഷ് ജഠ്മലാനിയും റാണി ജഠ്മലാനിയും പ്രമുഖരായ അഭിഭാഷകര്‍ തന്നെയാണ്.

Top