യോഗി ആദിത്യനാഥിനെ അയോധ്യ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണം; രാമജന്മഭൂമി ന്യാസ്

yogi

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യ ട്രസ്റ്റിന്റെ അധ്യക്ഷനാക്കണമെന്ന് രാമജന്മഭൂമി ന്യാസ്. രാമജന്മഭൂമി ന്യാസ് തലവന്‍ നൃത്യ ഗോപാല്‍ ദാസ് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി. സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം ക്ഷേത്രം പണിയാന്‍ ചുമതലപ്പെടുത്തുന്ന ട്രസ്റ്റിന്റെ അധ്യക്ഷനായി യോഗി ആദിത്യനാഥ് തന്നെവേണമെന്നാണ് ആവശ്യം.

ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മഹന്ത് എന്ന നിലയില്‍ യോഗി ആദിത്യ നാഥിനെ ട്രസ്റ്റ് അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പദവിയിലിരിക്കെ തന്നെ ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മുഖ്യ തന്ത്രിയെന്ന നിലയിലും ഗോരക്ഷ പീഠത്തിന്റെ നേതാവ് എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും നിവേദനത്തില്‍ പറയുന്നു. ക്ഷേത്ര ട്രസ്റ്റില്‍ രാമജന്മഭൂമി ന്യാസിനും അംഗത്വം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത് നേതാക്കളായ ചംപത്റായി, ഓം പ്രകാശ് സിംഗാള്‍, രാംജന്മഭൂമി ന്യാസ് മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരെയും ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം പ്രസ്താവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ത്വരിതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അറ്റോര്‍ണി ജനറലിന്റെയും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും നിയമോപദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടുകയും ചെയ്തിട്ടുണ്ട്.

Top