ഇന്ത്യന്‍ വിപണിയില്‍ ചുവടുവയ്ക്കും മുന്‍പ് ശുദ്ധീകലശം ചെയ്ത് റാള്‍ഫ് ലോറന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വ്യാജന്മാരെ ഉന്മൂലനം ചെയ്യാന്‍ നടപടികളുമായി അമേരിക്കന്‍ ഫാഷന്‍ കമ്പനി റാള്‍ഫ് ലോറന്‍ കോര്‍പ്പറേഷന്‍.

2018-ഓടെ ഇന്ത്യയില്‍ ആദ്യ സ്റ്റോര്‍ ഉന്നമിടുന്ന റാള്‍ഫ് ലോറന്‍ പ്രധാനമായും തങ്ങളുടെ പോളോ ബ്രാന്‍ഡിനു കീഴിലെ വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെയാണ് വാളെടുത്തിരിക്കുന്നത്.

കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍, നിയമവിദഗ്ധരുടെ സഹായത്തോടെ റാള്‍ഫ് ലോറന്‍ കഴിഞ്ഞയാഴ്ച ഹൈദരാബാദിലെ ഒരു കമ്പനിയില്‍ റെയ്ഡ് നടത്തിയിരുന്നു.

ലോറന്‍ പോളോ എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ആ കമ്പനിക്ക് കീഴില്‍ ഇന്ത്യയില്‍ ആറോളം ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെയ്ഡിനിടെ റാള്‍ഫ് ലോറന്‍ പോളോയുടെ ലോഗോ പതിപ്പിച്ച 6000 ഷര്‍ട്ടുകള്‍, ടീഷര്‍ട്ടുകള്‍, ജീന്‍സുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തെന്ന് റാള്‍ഫ് ലോറനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ എസ് കെ ബന്‍സാല്‍ അറിയിച്ചു.

ആറായിരത്തില്‍പ്പരം ഉല്‍പ്പന്നങ്ങളാണ് പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. ആ കമ്പനി പൂഴ്ത്തിവെച്ച ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തു.

പോളോ റാള്‍ഫ് ലോറന്‍ എന്ന പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്ത കമ്പനികള്‍ക്കെതിരായും വ്യക്തികള്‍ക്കെതിരായും കഴിഞ്ഞ വര്‍ഷങ്ങളില്‍ 60-ല്‍ പരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ലോറന്‍ പോളോ എന്ന പേരുള്ള ഔട്ട്‌ലെറ്റുകളില്‍ നടന്ന പരിശോധനയില്‍ 900 ട്രൗസറുകളും 500 ഷര്‍ട്ടുകളും മറ്റും പിടിച്ചെടുത്തതായി ജില്ലാ കോടതി ലോക്കല്‍ കമ്മീഷണറായി നിയോഗിച്ച അഭിഭാഷകന്‍ ജഗദീപ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചിലയാളുകള്‍ കമ്പനിയെക്കുറിച്ച് അന്വേഷിച്ചെന്നും തങ്ങള്‍ സംഭരിച്ചിരുന്ന ഉല്‍പ്പന്നങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയെന്നും ലോറന്‍ പോളോ ഔട്ട്‌ലെറ്റിന്റെ പ്രതിനിധി അറിയിച്ചു.

കമ്പനിയുടെ പേര് നിരീക്ഷണത്തിലാണെന്നതിനാല്‍ അഞ്ച് ഔട്ട്‌ലെറ്റുകളുടെ പേര് മാറ്റുന്നതിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയിലെഓണ്‍ലൈന്‍ വില്‍പ്പനാവകാശം സംബന്ധിച്ച് ഇകൊമേഴ്‌സ് പോര്‍ട്ടല്‍ മൈന്ത്രയുമായും റാള്‍ഫ് ലോറന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

Top