മൂന്ന് ബില്യണ്‍ ഡോളര്‍ സ്വരുപിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

മുംബൈ: മൂന്ന് ബില്യണ്‍ ഡോളര്‍ സ്വരുപിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബോണ്ട് വില്‍പനയിലൂടെ പണം സ്വരൂപിക്കാനാണ് പദ്ധതി. വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ തുക സ്വരൂപിക്കാനാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഒരുങ്ങുന്നത്. നിലവിലുള്ള ബോണ്ടുകളേയും ലോണുകളേയും പുതുക്കുന്നതിനായാണ് റിലയന്‍സിന്റെ നടപടിയെന്നാണ് സൂചന.

എട്ട് മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള റിലയന്‍സ് ബോണ്ടുകളുടെ കാലാവധി ഈ വര്‍ഷം അവസാനിക്കും. പല വായ്പകളുടേയും കാലാവധി അടുത്ത നാല് മാസത്തിനുള്ളിലും കഴിയും. ഇതോടെയാണ് വീണ്ടും പണം സ്വരൂപിക്കാനുള്ള നടപടികള്‍ക്ക് റിലയന്‍സ് തുടക്കം കുറിക്കുന്നത്.

10 മുതല്‍ 30 വര്‍ഷം കാലയളവിലായിരിക്കും റിലയന്‍സ് ബോണ്ടുകള്‍ വാങ്ങുക. ശനിയാഴ്ച ചേരുന്ന റിലയന്‍സിന്റെ ബോര്‍ഡ് യോഗം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ മൂന്ന് മില്യണ്‍ ഡോളര്‍ വരെ റിലയന്‍സ് സ്വരൂപിച്ചേക്കും. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് റിലയന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top