സിനിമയിലെ തിരക്കുകള്‍ കാരണം നല്ല കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി താരങ്ങള്‍ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ കരിയറില്‍ സ്വീകരിക്കാന്‍ കഴിയാതെ പോയ സിനിമയെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് രാകുല്‍ പ്രീത്.
വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിച്ച ചിത്രമായ ഗീതഗോവിന്ദത്തിലേക്ക് സംവിധായകന് ആദ്യം തീരുമാനിച്ചത് രാകുലിനെയായിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്സോഫീസില്‍ നിന്നും ചരിത്ര വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. ഗീതയായെത്താനുള്ള അവസരമായിരുന്നു അന്ന് രാകുലിന് നഷ്ടമായത്.
ഹിന്ദി സിനിമയുടെ തിരക്കിലായിരുന്ന സമയത്താണ് ഗീതഗോവിന്ദം ടീം തന്നെ സമീപിച്ചതെന്ന് രാകുല്‍ പ്രീത് ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. അങ്ങനെ രാകുലിന്റെ അസൗകര്യം രാശ്മികയ്ക്ക് ഗുണകരമായി മാറി. രാശ്മികയുടെ കരിയര്‍ ബ്രേക്ക് സിനിമയായി മാറുകയായിരുന്നു ഗീതഗോവിന്ദം. ആ സിനിമ നഷ്ടമായതില്‍ സങ്കടമില്ല,, എന്നാല്‍ അതേ സമയം തന്നെ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന ആഗ്രഹവുമുണ്ടായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.