രാഷ്ട്രപതിയും പ്രധാനമന്ത്രിയും രക്ഷാബന്ധന്‍ ദിന സന്ദേശങ്ങള്‍ നല്‍കി

ന്യൂഡല്‍ഹി: രാജ്യം രക്ഷാബന്ധന്‍ ആഘോഷിക്കുകയാണിന്ന്. ഈ ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും രക്ഷാബന്ധന്‍ സന്ദേശം നല്‍കി. പെണ്‍കുട്ടികളുടെ സുരക്ഷിതത്വവും അന്തസ്സും കാത്ത് സൂക്ഷിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്ന് രാഷ്ട്രപതി രക്ഷാബന്ധന്‍ സന്ദേശത്തില്‍ പറഞ്ഞു.

രാജ്യത്തെ സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കയ്യില്‍ കെട്ടുന്ന രക്ഷകള്‍ ബന്ധങ്ങളുടെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

രക്ഷാബന്ധന്‍ ദിനത്തില്‍ ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണ് ഇത്തരത്തില്‍ ട്രെയിനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരങ്ങളെ കാണുന്നതിനായി സ്ത്രീകള്‍ക്ക് ദീര്‍ഘദൂര യാത്ര ചെയ്യേണ്ടി വരുന്നു. ഈ സന്ദര്‍ഭത്തിലാണ് പുതിയ ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Top