ഖാപ് പഞ്ചായത്തില്‍ ഗുസ്തിക്കാരെ പിന്തുണച്ച് രാകേഷ് ടികായത്ത്

ബിജെപി നേതാവും ദേശിയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഖാപ് പഞ്ചായത്തില്‍ പിന്തുണച്ച് കര്‍ഷക നേതാവ് രാകേഷ് ടിക്കയത്ത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നടക്കുന്ന ഖാപ് മഹാപഞ്ചായത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രാകേഷ് ടിക്കായത്ത് പോരാട്ടം തുടരുമെന്നും വനിതാ ഗുസ്തി താരങ്ങളോ ഖാപ് പഞ്ചായത്തോ തോല്‍ക്കില്ല എന്ന് അറിയിച്ചു. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഖാപ്പ് കര്‍ഷക നേതാക്കള്‍ ഈ പഞ്ചായത്തില്‍ പങ്കെടുത്തു. നീതിക്ക് വേണ്ടി ഖാപ് പ്രതിനിധികള്‍ രാഷ്ട്രപതിയെ കാണുമെന്ന് മഹാപഞ്ചായത്തിന് ശേഷം ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികായത്ത് പറഞ്ഞു.

ജൂണ്‍ 5 ന് ബ്രിജ് ഭൂഷണ്‍ റാലി നടത്തുകയാണെങ്കില്‍ മറ്റൊരു റാലിയുമായി കര്‍ഷകര്‍ പ്രതിഷേധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ള വിധിയും തുടര്‍ സമരപരിപാടികളും നാളെ കുരുക്ഷേത്രയിലെ മഹാപാഞ്ചായത്തില്‍ പ്രഖ്യാപിക്കും എന്നും അദ്ദേഹം അറിയിച്ചു.

സമാധാനമായി സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. പോരാട്ടം ഏതെങ്കിലും ജാതിയുടേതല്ല. മുന്‍പ് മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചവര്‍ ഇപ്പോള്‍ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ പോരാട്ടത്തിനു ഒരു ജാതിയെ ഉള്ളൂ, അത് ത്രിവര്‍ണ്ണ പതാകയാണ് എന്ന് ടിക്കായത്ത് അറിയിച്ചു. ഇവിടെ രാജ്യത്തെ സ്ത്രീകള്‍ക്കും ദേശീയ പതാകക്കും അപമാനമുണ്ടായി എന്ന് അദ്ദേഹം വ്യക്തമാക്കി.

Top