ജനങ്ങളുടെ തീരുമാനമാണ് അന്തിമമെന്ന് രാകേഷ് ടിക്കായത്ത്

ലഖ്‌നൗ: ജനങ്ങളുടെ തീരുമാനമാണ് അന്തിമമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പുതിയ സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവത്തില്‍ ജനങ്ങളുടെ തീരുമാനമാണ് അന്തിമം. കര്‍ഷക പ്രസ്ഥാനം അത് കാണിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ അതത് സംസ്ഥാനങ്ങളിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

രാകേഷ് ടിക്കായത്ത് നേതൃത്വം നല്‍കുന്ന ബികെയു അടക്കം ഉള്‍പ്പെട്ട കര്‍ഷക സംഘടനകളുടെ വിശാല മുന്നണിയാണ് കര്‍ഷക നിയമങ്ങള്‍ക്കെതിരെ 13 മാസത്തോളം നീണ്ടുനിന്ന പ്രക്ഷോഭം നടത്തിയത്. നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്നിരുന്നു.

ഐതിഹാസികമായ സമരത്തിന് ശേഷം ബിജെപിയെ ശിക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി യുപി തെരഞ്ഞെടുപ്പില്‍ കര്‍ഷക സംഘടനകള്‍ പ്രചരണം നടത്തിയിരുന്നു. വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കര്‍ഷക നേതാക്കള്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് പ്രചരണം നടത്തുകയായിരുന്നു.

Top