കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ പത്ത് വര്‍ഷം എടുത്താലും സമരം തുടരും; രാകേഷ് ടിക്കായ്ത്ത്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം എടുത്താല്‍ അത്രയും കാലം സമരം തുടരുമെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായ്ത്ത്. സ്വാതന്ത്ര്യ സമരം നൂറ് വര്‍ഷമെടുത്തുവെന്നും അത് പോലെയാണ് കര്‍ഷക സമരമെന്നും ടിക്കായത്ത് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും, എന്നാല്‍ നിബന്ധനകളില്ലാതെയായിരിക്കണം ചര്‍ച്ചയെന്നും ആവശ്യപ്പെട്ടു. ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ, എന്നാല്‍ ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്രം എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

മാത്രമല്ല, വാരാണാസി മഹാ പഞ്ചായത്ത് തീയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി. സമരത്തിന്റെ ഭാവി സര്‍ക്കാരിന്റെ തീരുമാനം പോലെയാകും. യുപി തെരഞ്ഞെടുപ്പില്‍ കര്‍ഷകദ്രോഹ നയത്തിന് ബിജെപിക്ക് മറുപടി കിട്ടുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപിക്കെതിരെ യുപി മിഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും മഹാ പഞ്ചായത്ത് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ രണ്ടാം വാരമാകും മഹാപഞ്ചായത്തെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. കര്‍ഷക സമരത്തിനും ഭാരത് ബന്ദിനുമുള്ള കേരളത്തിലെ പിന്തുണയ്ക്ക് രാകേഷ് ടിക്കായത്ത് നന്ദി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് ആരംഭിച്ചു. കേരളത്തില്‍ ഇതിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താലിന് എല്‍ഡിഎഫും,യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നാണ് ഹര്‍ത്താല്‍ നടത്തുന്ന സംയുക്ത സമരസമിതി അറിയിക്കുന്നത്. നേരത്തെ സര്‍ക്കാറും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും എന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ആശുപത്രികള്‍, റയില്‍വെ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പൊലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. എന്നാല്‍ ഹര്‍ത്താല്‍ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചു.

Top