‘കാണാന്‍ അനുവദിക്കരുത്’; ബിപിന്‍ റാവത്തിന്റെ വസതിക്കു മുന്നില്‍ കര്‍ഷക നേതാവിനെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവിയുടെ പൊതുദര്‍ശനത്തിനെത്തിയ കര്‍ഷക യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനെതിരെ പ്രതിഷേധം. രാകേഷ് ടിക്കായത്ത് തിരിച്ചുപോവണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഹിന്ദു സേന പ്രവര്‍ത്തകരുടെ പ്രതിഷേധമുയര്‍ന്നത്.

തുടര്‍ന്ന് പൊലീസും സുരക്ഷാസേനയും ഇടപെട്ട് പ്രതിഷേധത്തിനിടയില്‍ നിന്ന് രാകേഷ് ടിക്കായത്തിനെ പൊതുദര്‍ശന സ്ഥലത്തെത്തിച്ചു. സൈനിക മേധാവിക്കും ഭാര്യയ്ക്കും രാകേഷ് ടിക്കായത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ബിപിന്‍ റാവത്തിന്റേയും മധുലിക റാവത്തിന്റേയും ഭൗതികശരീരം കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലാണ് പൊതുദര്‍ശനത്തിന് വെച്ചപ്പോഴാണ് സംഭവം അരങ്ങേറിയത്.

സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമര്‍പ്പിക്കാനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാനപതികള്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, ലഫ്. ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ശേഷം ഇരുവരുടേയും മൃതദേഹങ്ങള്‍ ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ സംസ്‌കരിക്കും.

Top