മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തുമെന്ന് രാകേഷ് ടികായത്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ വിജയത്തിനുപിന്നാലെ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഈ മാസം 19ന് മഹാരാഷ്ട്രയിലും 17ന് തമിഴ്‌നാട്ടിലും എത്തും.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടത്തിയ കര്‍ഷക സമരങ്ങള്‍ വിജയിച്ചതിനുശേഷം കര്‍ഷകരെല്ലാം വീടുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിപ്പോയിരുന്നു. സമരങ്ങള്‍ അവസാനിപ്പിച്ചെങ്കിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുസരിച്ച് വിവിധയിടങ്ങളില്‍ യോഗം ചേരുമെന്നും മഹാപഞ്ചായത്തുകള്‍ നടത്തുമെന്നും രാകേഷ് ടികായത് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളിലെത്തുന്നത്. എല്ലാ വര്‍ഷവും 10 ദിവസത്തെ കിസാന്‍ ആന്ദോളന്‍ മേള നടത്താനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ മാധ്യമങ്ങളുടെ പങ്കിനെ ടികായത് അഭിനന്ദിച്ചു. മാധ്യമങ്ങളും സോഷ്യല്‍ മീഡിയ വഴിയുമുള്ള വാര്‍ത്തകള്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയെന്നും ചൂണ്ടിക്കാട്ടി. അതിര്‍ത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളില്‍ കര്‍ഷകര്‍ ടെന്റ്‌റുകള്‍ നേരത്തെ തന്നെ പൊളിച്ചു തുടങ്ങിയിരുന്നു.

കര്‍ഷകര്‍ക്ക് ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ തന്ന ഉറപ്പുകളിലെ പുരോഗതി വിലയിരുത്താന്‍ കിസാന്‍ മോര്‍ച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും.

Top