രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം ; എന്‍ ഡി എ യ്ക്കുള്ളില്‍ ഭിന്നത

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തെ ചൊല്ലി എന്‍ ഡി എയ്ക്കുള്ളില്‍ ഭിന്നത. ഉപാധ്യക്ഷ സ്ഥാനം നേടിയെടുക്കാനുള്ള ബിജെപി തന്ത്രമാണ് എന്‍ ഡി എ യ്ക്കുള്ളില്‍ ഭിന്നത സൃഷ്ടിച്ചിരിക്കുന്നത്.

ജെഡിയു അംഗത്തെ മത്സരിപ്പിക്കാനുള്ള നീക്കമാണ് മുന്നണിയിലെ മറ്റൊരു കക്ഷിയായ ശിരോമണി അകാലിദളിന്റെ എതിര്‍പ്പിന് കാരണം. അകാലിദള്‍ നേതാവ് നരേഷ് ഗുജറാളിന്റെ പേരാണ് നേരത്തെ ഈ പദവിയിലേക്ക് പരിഗണിച്ചിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒഴിവാക്കി ജെഡിയുവിന്റെ ഹരിവന്‍ശ് നാരായണ്‍ സിങ്ങിനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് അകാലിദളിനെ ചൊടിപ്പിച്ചിരിക്കുന്നത്.

245 അംഗങ്ങളുള്ള രാജ്യസഭയില്‍ മൂന്ന് അംഗങ്ങളാണ് അകാലിദളിനുള്ളത്. അകാലിദള്‍ പ്രതിനിധികള്‍ അടക്കം എന്‍ഡിഎയ്ക്ക് 110 അംഗങ്ങളാണുള്ളത്. ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥി ആരാവണം എന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. എന്‍ സി പിയുടെ വന്ദന ചവാന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്.

എന്‍ഡിഎയ്ക്ക് പുറത്തുള്ളവരില്‍ നവീന്‍ പട്നായിക്കിന്റെ ബിജു ജനാതാദള്‍, ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസ് എന്നിവരുടെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഈ രണ്ട് പാര്‍ട്ടികള്‍ക്കുമായി 15 വോട്ടുണ്ട്.

Top