പ്രധാനമന്ത്രിക്കും, മന്ത്രിമാര്‍ക്കും പരിഹാസം; രാജ്യസഭാ ഉദ്യോഗസ്ഥന് തരംതാഴ്ത്തല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ചില കേന്ദ്ര മന്ത്രിമാര്‍ക്കും, മുഖ്യമന്ത്രിമാര്‍ക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്ന, നിന്ദിക്കുന്ന ആക്ഷേപങ്ങള്‍ കുറിച്ച പാര്‍ലമെന്റ് സുരക്ഷാ ബ്രാഞ്ച് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സ്ഥാനചലനം. സോഷ്യല്‍ മീഡിയയിലെ പെരുമാറ്റത്തിന്റെ പേരില്‍ പാര്‍ലമെന്ററി അധികാരികള്‍ക്ക് നേരെ ആദ്യമായാണ് ഇത്തരമൊരു നടപടി.

ഉറുജുല്‍ ഹാസനെ അഞ്ച് വര്‍ഷത്തേക്ക് ലോവര്‍ ഗ്രേഡ് സുരക്ഷാ ഓഫീസറായി തരംതാഴ്ത്തിയതായി അറിയിച്ചാണ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. 2018 ജൂണ്‍ മുതല്‍ ഹാസന്‍ സസ്‌പെന്‍ഷനിലാണ്. രാജ്യസഭാ ഡയറക്ടര്‍ കെ സുധാകരനാണ് ഉത്തരവില്‍ ഒപ്പുവെച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷവും നിലവിലെ പദവിയിലേക്ക് ഈ ഉദ്യോഗസ്ഥന് തിരിച്ചുവരാന്‍ കഴിയില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

പാര്‍ലമെന്റിന് മാത്രമായി പ്രത്യേക പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വ്വീസാണുള്ളത്. ഒരു ഐപിഎസ് ഓഫീസറാണ് നേതൃത്വം നല്‍കുക. സര്‍വ്വീസിലേക്ക് പരീക്ഷ വഴിയാണ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. ഹാസന്റെ തരംതാഴ്ത്തല്‍ നടപടിയില്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവാണ് അന്തിമനടപടി സ്വീകരിച്ചത്. ആഭ്യന്തര കമ്മിറ്റിയുടെ അന്വേഷണത്തില്‍ ഉദ്യോഗസ്ഥനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആളെക്കൂട്ടലും, രാഷ്ട്രീയരഹിതമായി പ്രവര്‍ത്തിച്ചില്ലെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.

Top