ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ് ഇന്ന് ; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ്. രണ്ട് രാജ്യ സഭാ സീറ്റുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് വന്ന രണ്ട് ഒഴിവുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്‌. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഇരുസീറ്റുകളിലേക്കും രണ്ട് സമയത്തായാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്‌തേക്കുമെന്ന് ഭയന്ന് കോണ്‍ഗ്രസ് തങ്ങളുടെ 65 എം.എല്‍.എമാരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. ബനസ്‌കന്ധ ജില്ലയിലെ ഒരു റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. രാജസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രമായ മൗണ്ട് അബുവിലേക്ക് മാറ്റാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തെരഞ്ഞെടുപ്പിനായി എംഎല്‍എമാരെ എത്തിക്കാന്‍ കുറച്ചു കൂടി എളുപ്പം ബനസ്‌കന്ധയിലെ റിസോര്‍ട്ടാണെന്ന് കണ്ടാണ് ഇവിടേക്ക് മാറ്റിയിരിക്കുന്നത്.

രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ എംഎല്‍എമാരുടെ യോഗം ചേരുകയും ‘മോക് പോള്‍’ നടത്തി. ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ജുഗല്‍ ഠാക്കൂറുമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മുന്‍ എം.എല്‍.എ. ചന്ദ്രിക ചുഡാസമയും ഗൗരവ് പാണ്ഡ്യയും മത്സരിക്കുന്നു.

ഗുജറാത്തില്‍ ആകെ 71 എം എല്‍ എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ അല്‍പേഷ് ഠാക്കൂര്‍, ധവാല്‍സിങ് സാലാ എന്നിവര്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ഹിമ്മാത്സിങ് പട്ടേല്‍, ഇമ്രാന്‍ ഖേഡവാല, ശൈലേഷ് പര്‍മാര്‍ എന്നിവര്‍ രാജസ്ഥാനിലേക്കുള്ള സംഘത്തില്‍ ചേരില്ല.എംഎല്‍എമാരെ ഇത്തരത്തില്‍ കൂട്ടത്തോടെ കടത്തിക്കൊണ്ടുപോകാനുള്ള നീക്കത്തോട് അല്‍പേഷ് ഠാക്കൂര്‍ പ്രതിഷേധമറിയിച്ചു.

Top