രാജ്യസഭാ തിരഞ്ഞെടുപ്പ്; ഗുജറാത്തില്‍ നിന്നും നാമനിര്‍ദ്ദേശപട്ടിക സമര്‍പ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍

ഗാന്ധിനഗര്‍: വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി വീണ്ടും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബിജെപി ഗുജറാത്ത് ഘടകം പ്രസിഡന്റ് സി.ആര്‍. പാട്ടീല്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് റിട്ടേണിങ് ഓഫിസര്‍ റീത്ത മേത്തയ്ക്കു നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

ജൂലൈ 13 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 17 ആണ്. ജൂലൈ 24നാണ് വോട്ടെടുപ്പ്. നാലുവര്‍ഷം മുന്‍പാണ് എസ്. ജയശങ്കര്‍ ഗുജറാത്തില്‍നിന്ന് ആദ്യം രാജ്യസഭയിലേക്ക് എത്തിയത്.

ഗുജറാത്തില്‍ നിന്നുള്ള 11 രാജ്യസഭാ സീറ്റുകളില്‍ എട്ടെണ്ണവും ബിജെപിക്കാണ്. ബിജെപിയുടെ എട്ട് സീറ്റുകളില്‍ എസ്. ജയശങ്കര്‍, ജുഗല്‍ജി താക്കൂര്‍, ദിനേഷ് അവവാദിയ എന്നിവരുടെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കും. ഈ മൂന്നു സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 182 അംഗ നിയമസഭയില്‍ മതിയായ എംഎല്‍എമാരില്ലാത്തതിനാല്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 156 സീറ്റുകള്‍ നേടി റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്.

 

Top