രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം; തീരുമാനം ഹൈക്കമാന്റിന് വിട്ട് കെപിസിസി

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഏക സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തര്‍, എം.ലിജു, എം.എം ഹസന്‍ എന്നിവരാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സമര്‍പ്പിച്ച മൂന്നംഗ പട്ടികയിലുളളതെന്നാണ് സൂചന. ഏപ്രില്‍ മാസത്തോടെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിനും ഒന്ന് യുഡിഎഫിനുമാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി സിപിഎമ്മിന്റെ എ.എ റഹീമും സിപിഐയുടെ പി.സന്തോഷ് കുമാറും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വ്യാഴാഴ്ചയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയടക്കമുളള മുന്നണി നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തന്റെ നോമിനി എം.ലിജുവിനൊപ്പം രാഹുല്‍ ഗാന്ധിയെ കണ്ട് സീറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു.

ദേശീയതലത്തില്‍ നോമിനിയായി ശ്രീനിവാസന്‍ കൃഷ്ണന്റെ പേരും ഉയര്‍ന്നുകേട്ടു. യുവ പ്രാതിനിധ്യവും മഹിളാപ്രാതിനിധ്യവും ഉറപ്പിക്കാന്‍ ഷാനിമോള്‍ ഉസ്മാന്‍, വി.ടി ബല്‍റാം എന്നിവരും മുല്ലപ്പളളി രാമചന്ദ്രന്‍, സതീശന്‍ പാച്ചേനി എന്നിവരുടെയെല്ലാം പേരുകള്‍ കേട്ടിരുന്നു. ഇതില്‍ പരാമര്‍ശിക്കാത്ത ജെബി മേത്തറുടെയും എം.എം ഹസന്റെയും പേരുകള്‍ കെപിസിസി സമര്‍പ്പിച്ച അന്തിമപട്ടികയിലുണ്ടെന്നാണ് പുറത്തുവന്ന വിവരം. ദേശീയ നേതൃത്വം ഉടന്‍തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

 

Top