രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായ ജോസ്.കെ മാണിയ്ക്ക് വിജയം. ആകെ പോള്‍ ചെയ്ത 137 വോട്ടുകളില്‍ 96 എണ്ണം ജോസ് കെ.മാണിയ്ക്കും 40 വോട്ട് എതിരാളി യുഡിഎഫിന്റെ ശൂരനാട് രാജശേഖരനും ലഭിച്ചു. എല്‍ഡിഎഫിന്റെ ഒരു വോട്ടിന്റെ പേരില്‍ യുഡിഎഫ് തര്‍ക്കമുന്നയിച്ചിരുന്നു.

സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് രേഖപ്പെടുത്തുമ്പോള്‍ ആദ്യം പിന്തുണയ്ക്കുന്നയാള്‍ക്ക് നേരെ ഒന്ന് എന്ന് രേഖപ്പെടുത്തേണ്ടിയിരുന്നു. ഇത് രേഖപ്പെടുത്താത്ത വോട്ട് അസാധുവാക്കണമെന്ന് മാത്യു കുഴല്‍നാടനും എന്‍.ഷംസുദ്ദീനും തര്‍ക്കമുന്നയിച്ചു. ഇതോടെ ഈ വോട്ട് അസാധുവായി പ്രഖ്യാപിച്ചു.

2024 വരെയാണ് പുതിയ രാജ്യസഭാംഗത്തിന് കാലാവധി. 41 അംഗങ്ങളുണ്ടെങ്കിലും പി.ടി തോമസ് ചികിത്സയിലായതിനാല്‍ വോട്ട് ചെയ്യാനെത്തിയില്ല. കൊവിഡ് ബാധിതനായിരുന്നെങ്കിലും മാണി.സി കാപ്പന്‍ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി. ടി.പി രാമകൃഷ്ണന്‍, പി. മമ്മിക്കുട്ടി എന്നിവരും എല്‍ഡിഎഫ് പക്ഷത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നില്ല.

കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാനും രാജ്യസഭാംഗവുമായിരുന്ന ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Top