രാജു നാരായണസ്വാമിക്ക് പുതിയ ദൗത്യം; ആർബിട്രേഷൻ പരിശീലനത്തിന് ഡൽഹിയിലേക്ക് . . .

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ഐ.എ.എസ് ഓഫീസറായ രാജു നാരായണ സ്വാമിക്ക് പുതിയ ദൗത്യം. ആർബിട്രേഷൻ പരിശീലനത്തിനാണ് കേന്ദ്ര സർക്കാർ ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.നാനി പൽഖിവാല സെന്ററിലാണ് പരിശീലനം. 1991 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ സ്വാമി ഇപ്പോൾ, പാര്‍ലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.

അടുത്തിടെയാണ് രാജു നാരായണ സ്വാമിക്ക് അമേരിക്ക ആസ്ഥാനമായുള്ള ജോർജ് മസോൺ യൂണിവേഴ്സിറ്റി ഫെലോഷിപ്പ് നൽകിയിരുന്നത്. ബൗദ്ധിക സ്വത്ത് അവകാശ നിയമങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു ഫെല്ലോഷിപ്പ്.

ഇടുക്കി ജില്ലാ കളക്ടർ ആയിരിക്കെ, അഴിമതിക്കെതിരെ പോരാടിയതോടെയാണ് സ്വാമി ദേശീയ തലത്തിൽ പ്രശസ്തനായിരുന്നത്. രാജകുമാരി ഭൂമി ഇടപാടിൽ സ്വാമി സമർപ്പിച്ച റിപ്പോർട്ടിൽ, അന്നത്തെ പൊതുമരാമത്തു മന്ത്രിക്കു തന്നെ രാജി വെക്കേണ്ടി വന്നിരുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ പേരിൽ ഒരു മന്ത്രി രാജി വയ്ക്കുന്നതു രാജ്യത്തു തന്നെ ആദ്യ സംഭവമായിരുന്നു. ജനകീയ കളക്ടർ ആയിരുന്ന സ്വാമിയെ സ്ഥലം മാറ്റിയപ്പോൾ, ഇടുക്കി ജില്ല ഒന്നടങ്കം ഹർത്താൽ ആചരിച്ചാണ് പ്രതിഷേധിച്ചിരുന്നത്.

തൃശൂർ കളക്ടർ ആയിരിക്കെ, നഗരത്തിലെ പട്ടാളം റോഡ് വീതി കൂട്ടി നഗരത്തിന്റെ മുഖച്ഛായ മാറ്റിയതും രാജു നാരായണ സ്വാമിയാണ്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് സ്വാമിക്ക് ഐഐടി കാൺപൂർ 2018 ൽ, സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. 16 സംസ്ഥാനങ്ങളിലായി നടന്ന 32 തെരഞ്ഞെടുപ്പുകളിലും രാജു നാരായണ സ്വാമി കേന്ദ്ര നിരീക്ഷകനായിരുന്നു.

2018 ലെ സിംബാബ്വേ തെരെഞ്ഞെടുപ്പിൽ, അന്താരാഷ്ട്ര നിരീക്ഷകനായും കൃത്യനിർവ്വഹണം നടത്തിയിട്ടുണ്ട്. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പും, 2003-ൽ കേരള സാഹിത്യ അക്കാഡമി അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. 200 ലേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാംഗ്ലൂർ നാഷണൽ ലോ സ്കൂളിൽ നിന്നും ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിൽ ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും, എൻഎൽയു ഡൽഹിയിൽ നിന്നും ഗോൾഡ് മെഡലോടെ എൽഎൽഎമ്മും ഈ ഐ.എ.എസ് ഓഫീസർ നേടിയിട്ടുണ്ട്. അദ്ദേഹത്തിനു ഐ.എ.എസ് ലഭിച്ചതു തന്നെ ഒന്നാം റാങ്കോടെ ആയിരുന്നു. എസ്.എസ്.എസ്.എൽ.സി പരീക്ഷ ഉൾപ്പെടെ എഴുതിയ മിക്ക പരീക്ഷകളിലും ഒന്നാം റാങ്ക് നേടിയ രാജു നാരായണ സ്വാമി, റാങ്കുകളുടെ തോഴനായാണ് അറിയപ്പെടുന്നത്.

Top