പിൻവാതിൽ നിയമനത്തിന് ‘റെഡ് സിഗ്നൽ’ വീണ്ടും വിറപ്പിച്ച് രാജു നാരായണ സ്വാമി !

തിരുവനന്തപുരം: കർക്കശ നിലപാടുകളിലൂടെ ശ്രദ്ധേയനായ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമി വീണ്ടും കടുപ്പിക്കുന്നു. ഇത്തവണ പാർലമെന്റിറി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ പിൻവാതിൽ നിയമനത്തിനാണ് സ്വാമി ‘റെഡ് സിഗ്നൽ’ ഉയർത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ 9 വർഷത്തിലേറെയായി പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോഗ്രാം ഓഫീസർ തസ്തികയിൽ തുടർന്ന വ്യക്തിയെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടിട്ടുണ്ട്. ഇനിയുള്ള നിയമനങ്ങൾ എല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നും രാജു നാരായണ സ്വാമി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങളോളം പേര് രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്ന സാധാരണക്കാരെ അവഗണിക്കുകയും ഇഷ്ടക്കാരെ തിരുകി കയറ്റുകയും ചെയ്യുന്ന രീതിയ്ക്കാണ് രാജു നാരായണസ്വാമി തടയിട്ടിരിക്കുന്നത്. പിൻവാതിൽ നിയമനം ഒരു കാരണവശാലും അനുവദിക്കില്ലന്ന കർക്കശ നിലപാടിലാണ് അദ്ദേഹമുള്ളത്.

സിവിൽ സർവിസ് പരീക്ഷ ഒന്നാം റാങ്കോടെ പാസായ സ്വാമി, അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ഏറെ ശ്രദ്ധയാകർഷിച്ച ഉദ്യാഗസ്ഥനാണ്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ സ്വാമി എസ്.എസ്.എൽ.സി മുതൽ എഴുതിയ പരീക്ഷകളിൽ മിക്കതിലും ഒന്നാം റാങ്കോടെയാണ് പാസായിട്ടുള്ളത്. മദ്രാസ് ഐ.ഐ.ടിയിലെ റാങ്ക് ഹോൾഡറായ രാജു, 16 ബിരുദാനന്തര ബിരുദ പരീക്ഷകളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അഞ്ചു ജില്ലകളിൽ കലക്ടറായും കോളജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നിരീക്ഷകനായതിലും സ്വാമിക്ക് തന്നെയാണ് റെക്കോർഡ്. മുപ്പത്തിനാല് തവണയാണ് അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകനായി പ്രവർത്തിച്ചിരിക്കുന്നത്.. ഏറ്റവും ഒടുവിൽ മഹാരാഷ്ട്ര കോൽഹാപ്പൂരിലെ ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹം നിരീക്ഷക വേഷത്തി​ലെത്തിയിരുന്നത്.

Top