Rajnath slams Kashmir separatists for not meeting all-party team leaders

ശ്രീനഗര്‍: കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗം തന്നെയായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്. വിഘടനവാദികള്‍ കശ്മീരികളുടെ വികാരം മനസ്സിലാക്കുന്നില്ല.

കശ്മീരിലെ പ്രശ്‌നപരിഹാരത്തിന് ചിലര്‍ തടസ്സം നില്‍ക്കുകയാണ്. കശ്മീരിലെ പ്രശ്‌നങ്ങള്‍ എല്ലാ വിഭാഗത്തെയും പരിഗണിച്ച് പരിഹരിക്കുമെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു.

സര്‍വകക്ഷി സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനം തുടരുകയാണ്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷത്തിന് അയവില്ലാതെ വന്നതോടെയാണ് സര്‍വകക്ഷി സംഘം കശ്മീരിലെത്തിയത്.

സംഘവുമായി ചര്‍ച്ച നടത്താന്‍ വ്യാപാരികളോ മതസംഘടന നേതാക്കളോ തയ്യാറായില്ല. വിഘടനവാദികളും ക്ഷണം നിരസിച്ചു. പിന്നീട് സംഘത്തിലുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.

കര്‍ഫ്യൂ ലംഘിച്ച് കശ്മീരില്‍ ഇന്നലെയും നൂറ് കണക്കിന് പ്രകടനങ്ങള്‍ നടന്നു. ജനങ്ങളും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്ന് വിവിധ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയാണ് സര്‍വകക്ഷി സംഘത്തിന്റെ പ്രധാന അജണ്ട. എന്നാല്‍ കശ്മീരിലെ ജനങ്ങളുടെ വികാരത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്നും അതിനാല്‍ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്നുമുള്ള നിലപാടാണ് പല സംഘടനകളും സ്വീകരിച്ചിരിക്കുന്നത്.

Top