സുഖോയ്30 യുദ്ധവിമാനത്തിന്റെ 222 നമ്പര്‍ സ്‌ക്വാഡ്രണ്‍ തഞ്ചാവൂരിലേയ്ക്ക്

തിരുവനന്തപുരം: രാജ്യത്തിന്റെ ദക്ഷിണ മേഖലയുടെ വ്യോമപ്രതിരോധത്തിനായി, വ്യോമസേനയുടെ സുഖോയ്30 യുദ്ധവിമാനത്തിന്റെ 222 നമ്പര്‍ സ്‌ക്വാഡ്രണ്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ വ്യോമസേനാ താവളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ജനുവരി 20ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പുതിയ സ്‌ക്വാഡ്രസ്‌ക്വാഡ്രന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നു ദക്ഷിണ വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ അമിത് തിവാരി അറിയിച്ചു.

സുഖോയ്30 യുദ്ധവിമാനം തഞ്ചാവൂരില്‍ എത്തുന്നതോടെ, ദക്ഷിണ ഉപദ്വീപിലെ സമുദ്ര നിരീക്ഷണം, സുരക്ഷ എന്നിവയില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നും അമിത് തിവാരി പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിച്ച ഇരട്ട എന്‍ജിനുള്ള സുഖോയ്30 യുദ്ധ വിമാനത്തിന്റെ പ്രവര്‍ത്തനമാണ് 222 സ്‌ക്വാഡ്രണ്‍ നിര്‍വഹിക്കുക. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്റെ നേതൃത്വത്തില്‍, ദക്ഷിണ ഉപദ്വീപിന് വേണ്ട എല്ലാവിധ പ്രതിരോധവും സജ്ജമാക്കുകയും രാജ്യത്തിന്റെ സമുദ്രമേഖലയില്‍ വ്യോമസേനയ്ക്കു കരുത്തു പകരുകയുമാണ് പുതിയ സ്‌ക്വാഡണിന്റെ പ്രവര്‍ത്തനം കൊണ്ടു ലക്ഷ്യമിടുന്നത്.

സുഖോയ്7 യുദ്ധവിമാനവുമായി 1969 സെപ്റ്റംബര്‍ 15ന് അംബാലയില്‍ രൂപീകൃതമായ 222 സ്‌ക്വാഡന്‍ 1971ലെ യുദ്ധത്തില്‍ നിരവധി പാക് വ്യോമത്താവളങ്ങള്‍ തകര്‍ക്കുകയും ശത്രുരാജ്യത്ത് നുഴഞ്ഞു കയറി റഡാറുകളുടെ സ്ഥാനം മനസിലാക്കുകയും ചെയ്തിട്ടുണ്ട്. പരമോന്നത യുദ്ധമെഡലുകളായ മഹാവീര്‍ചക്ര, വീര്‍ ചക്ര, വായുസേന മെഡല്‍ എന്നിവയും ഈ സ്‌ക്വാഡ്രണ് ലഭിച്ചിട്ടുണ്ട്.

Top