അതിര്‍ത്തി കടന്ന് ഇനിയും ശത്രുക്കളെ വകവരുത്തുമെന്ന് രാജ് നാഥ് സിങ്

ലക്‌നൗ: പാക്ക് പ്രകോപനത്തിനെതിരെ ശക്തമായ മുന്നറിയിപ്പു നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്.

ഇന്ത്യയിലെത്തുന്ന ശത്രുക്കളെ മാത്രമല്ല, അതിര്‍ത്തി കടന്ന് വീണ്ടും ശത്രുക്കളെ വകവരുത്താന്‍ ഇന്ത്യ മടിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു

അതിര്‍ത്തി കടന്ന് ആക്രമണം നടത്താനാകുമെന്ന് ഇന്ത്യ ലോകത്തിനു കാണിച്ചു കൊടുത്തിട്ടുള്ളതാണ്. അയല്‍ രാജ്യവുമായി നല്ല ബന്ധം ഉണ്ടാക്കാനാണ് ഇന്ത്യയ്ക്കു താല്‍പര്യം. എന്നാല്‍ ഇങ്ങോട്ട് ഉപദ്രവിക്കുന്നതു നിര്‍ത്താതെ അത് സാധ്യമാകില്ലെന്നും പാക്കിസ്ഥാനു രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നല്‍കി.

ആരുടെ മുന്‍പിലും ഇന്ത്യയുടെ തല കുനിയാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം സാമ്പത്തികപരമായും മുകളിലേക്കാണ് പോകുന്നത്. രാജ്യാന്തരതലത്തില്‍ സാമ്പത്തിക വിദഗ്ധരെല്ലാം ഇന്ത്യയെ അംഗീകരിച്ചതായും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

കഴിഞ്ഞ മൂന്നു ദിവസമായി ജമ്മു കശ്മീരിലെ അഞ്ചു ജില്ലകളിലേക്ക് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടരുകയായിരുന്നു. മോര്‍ട്ടാര്‍ ഷെല്ലിങ് അടക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശത്തു നിന്നും പതിനായിരത്തിലധികം പേര്‍ ഒഴിഞ്ഞു പോയെന്നാണ് വിവരം. മുന്നൂറിലധികം സ്‌കൂളുകളും താല്‍ക്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ട്. ആര്‍എസ് പുര മേഖലയില്‍ താല്‍ക്കാലിക ക്യാംപില്‍ ആയിരത്തോളം പേര്‍ അഭയം തേടിയിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയാണു വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന പരാതിയിലാണ് പാക്ക് വിദേശകാര്യ മന്ത്രാലയം. ഒരു മാസം മുന്‍പ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍ പോസ്റ്റ് തകര്‍ക്കുകയും മൂന്നു പാക്ക് സൈനികരെ വധിക്കുകയും ചെയ്തിരുന്നു.

Top