കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ വികസനം അപ്രത്യക്ഷമാവുന്നുവെന്ന് രാജ്‌നാഥ് സിംഗ്

കുനിഹാര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനം അപ്രത്യക്ഷമാവുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

ഹിമാചല്‍ പ്രദേശിലെ കുനിഹാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളുമായി ഹിമാചല്‍ പ്രദേശിനെ താരതമ്യം ചെയ്തു കൊണ്ടാണ് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്. ഛത്തീസ്ഗഢ്, ജാര്‍ഗണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനും ശേഷം വലിയതോതിലുള്ള വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി അധികാരത്തില്‍ വന്നതിനു ശേഷമാണ് ലോക ബാങ്കിന്റെ വ്യവസായ സൗഹൃദ പട്ടികയില്‍ ഇന്ത്യ 130-ാം സ്ഥാനത്ത് നിന്ന് 100-ലെത്തിയത്.

ആഗോള സമൂഹവും ലോകബാങ്കും ഇന്ത്യയുടെ ധ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയെ ഉറ്റുനോക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജന്‍ധന്‍യോജന, പാചക വാതക സബ്‌സിഡി, മുദ്രായോജന തുടങ്ങിയ വികസന പദ്ധതികളെ കുറിച്ചും മന്ത്രി വിവരിച്ച് പറഞ്ഞു.

നവംബര്‍ 9-നാണ് ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ്.

Top