രാജ്‌നാഥ് സിങ്ങ് ഇന്ന് റഷ്യയിലേക്ക്; എസ്-400 ന്റെ കൈമാറ്റം വേഗത്തിലാക്കാന്‍ ശ്രമിക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ഇന്ന് റഷ്യയിലേക്ക്. സന്ദര്‍ശന വേളയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള സമ്മര്‍ദ്ദങ്ങള്‍ ഇന്ത്യ നടത്തും. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യം കൂടി പരിഗണിച്ചാകും ഇത്.

കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് സ്-400 സംവിധാനത്തിന്റെ കൈമാറ്റം 2021 ഡിസംബറിലേക്ക് റഷ്യ നീട്ടിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 5.4 ബില്യണ്‍ ഡോളറിന്റെ കരാറിനുള്ള പേയ്‌മെന്റ് നടപടികള്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, റഷ്യയുമായി ശക്തമായ പ്രതിരോധ ബന്ധം പുലര്‍ത്തുന്ന ചൈന ഇതിനകം തന്നെ അവിടെ നിന്ന് എസ് -400 സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആശങ്കകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സായുധസേനയോട് എല്ലാ തരത്തിലും സജ്ജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആയുധങ്ങളുടെ അഭാവവും തയ്യാറെടുപ്പുകളുടെ വിടവുകളും നികത്താനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് റഷ്യയില്‍ നിന്ന് എസ്-400 സംവിധാനം ലഭിക്കുന്നത് വേഗത്തിലാക്കാന്‍ സാധിക്കുമോ എന്നത് ഇന്ത്യ ആരായുന്നത്.

യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് രാജ്‌നാഥിന്റെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. നിലവിലുള്ള സുഖോയ്, മിഗ് വിമാനഭാഗങ്ങളുടെ ലഭ്യത വേഗത്തിലാക്കുകയും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇവയുടെ ലഭ്യതയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യങ്ങള്‍.

മോസ്‌കോ വിക്ടറി ഡേ പരേഡില്‍ രാജ്‌നാഥ് പങ്കെടുക്കും. കോവിഡ് പശ്ചാത്തലത്തില്‍ രാജ്‌നാഥ് പരേഡില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് നേരത്തെ സംശയമുണ്ടായിരുന്നു. എന്നാല്‍ ഈ നിര്‍ണായക ഘട്ടത്തില്‍ റഷ്യന്‍ സര്‍ക്കാരുമായി ഇടപഴകാനുള്ള ഏറ്റവും മികച്ച അവസരമായതിനാല്‍ രാജ്‌നാഥ് സന്ദര്‍ശനം നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു.

Top