തീവ്രവാദം തുടച്ചുനീക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചാല്‍ ഇന്ത്യ പിന്തുണ നല്‍കും: രാജ്നാഥ് സിങ്

Rajnath Singh

ന്യൂഡല്‍ഹി: തീവ്രവാദം തുടച്ചുനീക്കാന്‍ പാക്കിസ്ഥാന്‍ ആത്മാര്‍ഥമായ പരിശ്രമം നടത്തിയാല്‍ ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സമാധാനം കൊണ്ടുവരുന്നതിന് വീണ്ടും ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നതാവും നല്ലതെന്ന ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് സിങ് ഇക്കാര്യം പറഞ്ഞത്.

ഇമ്രാന്‍ ഖാന്റെ പ്രസ്താവനയില്‍ നിന്ന് അദ്ദേഹവും മോദി ആരാധകനാണെന്നാണ് വ്യക്തമാക്കുന്നതെന്നും എന്നാല്‍ അക്കാര്യം പറയേണ്ടത് ഇമ്രാന്‍ ഖാന്‍ തന്നെയാണെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്നാഥ് സിങ്പറഞ്ഞു.

മോദി വീണ്ടും അധികാരത്തില്‍ എത്തിയശേഷം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ഖാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീവ്രവാദത്തിനെതിരായ നീക്കങ്ങള്‍ ഉടന്‍ തുടങ്ങുകയാണ് അദ്ദേഹം ചെയ്യേണ്ടത്. പാക്ക് മണ്ണില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കണം. പാക്ക് മണ്ണില്‍നിന്ന് തീവ്രവാദം പൂര്‍ണമായും തുടച്ചുനീക്കുമെന്നും പ്രഖ്യാപിക്കണം. അതിന് ഇന്ത്യയുടെ സഹായം വേണമെങ്കില്‍ ഖാന് അഭ്യര്‍ഥിക്കാം.

പാക്കിസ്ഥാനില്‍ നിന്ന് വരുന്ന ഇത്തരം പ്രസ്താവനകള്‍ ഇമ്രാന്‍ ഖാനും മോദിയുടെ ആരാധകനാണെന്നും ഇന്ത്യയുമായി നല്ല ബന്ധമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിശ്വസിക്കാന്‍ പര്യാപ്തമാണ്. അവരെ സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Top