സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി രണ്ട് സുരക്ഷിത ഇടനാഴി;രാജ്‌നാഥ് സിങ് സേനാമേധാവിമാരുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: യുക്രൈനില്‍ റഷ്യന്‍ സൈനികനടപടി തുടരുന്നതിനിടെ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി. കര, നാവിക, വ്യോമസേനാ മേധാവിമാരുമായിട്ടായിരുന്നു കൂടിക്കാഴ്ച. റഷ്യക്കെതിരെ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധം, ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി.

രാജ്യത്തെ സൈനിക ആയുധങ്ങളില്‍ 50 ശതമാനവും റഷ്യന്‍ നിര്‍മ്മിതങ്ങളാണ്. അതിനിടെ, പോരാട്ടം രൂക്ഷമായ സുമി നഗരത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനായി രണ്ടു സുരക്ഷിത ഇടനാഴികള്‍ തുറന്നതായി റഷ്യ അറിയിച്ചു.

സുമി-സുഴ-ബെലോറോഡ് (റഷ്യ) വഴിയും സുമി-ഗോലുബോവ്ക- റെമ്‌നി-ലോഖ് വിറ്റ്‌സ- ലുബ്‌നി-പോള്‍ട്ടാവ വഴിയും (സെന്‍ട്രല്‍ യുക്രൈന്‍) ഒഴിപ്പിക്കല്‍ നടപടിയാകാമെന്നാണ് റഷ്യ വ്യക്തമാക്കിയിട്ടുള്ളത്.

തലസ്ഥാനമായ കീവ്, തുറമുഖ നഗരമായ മരിയൂപോള്‍, ഹാര്‍കീവ്, സുമി എന്നീ നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമയം 12.30 മുതലാണ് വെടിനിര്‍ത്തല്‍.

Top