Rajnath Singh may be up next cm

ന്യൂഡൽഹി: യുപി മുഖ്യമന്ത്രിയായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ ബി ജെ പി നിയോഗിക്കുമെന്ന് സൂചന.

ഇതു സംബന്ധമായി പ്രധാനമന്ത്രിയുൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളുമായി ആർ എസ് എസ് നേതൃത്വം ചർച്ച നടത്തിയതായാണ് പുറത്തു വരുന്ന വിവരം.

അതേസമയം ഗോവ മുഖ്യമന്ത്രിയായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ നിയമിതനായ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിൽ രണ്ടാമനായ രാജ്നാഥ് സിങ്ങു കൂടി പോയാൽ സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമോ എന്ന ആശങ്കയും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

ഇക്കാര്യത്തിൽ കൂടി ഇന്നു നിർണ്ണായക ചർച്ച നടത്തിയതിനു ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂവെന്നാണ് സൂചന.

യു പിക്കാരനായ രാജ്നാഥ് സിംങ് മുൻ ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ് കൂടിയാണ്. മുൻ യുപി മുഖ്യമന്ത്രിയുമായിരുന്നു. വാജ്പേയി സർക്കാറിലും കേന്ദ്ര മന്ത്രിയായിരുന്നു.

2009-ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കരുത്തനും അനുഭവസമ്പത്തുമുള്ള വ്യക്തിയാവണം യു പി മുഖ്യമന്ത്രിയായി വേണ്ടതെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നാലിൽ മൂന്നിന്റെ ചരിത്ര ഭൂരിപക്ഷം ലഭിച്ചതിനാൽ മുതിർന്ന നേതാവ് മുഖ്യമന്ത്രിയായില്ലങ്കിൽ അത് ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ഭയവും കേന്ദ്ര നേതൃത്വത്തിനുണ്ട്.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് രാജ്യത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ പരിഗണനാ ലിസ്റ്റിൽ പ്രഥമ പരിഗണന രാജ്നാഥ് സിങ്ങിനു നൽകിയിരിക്കുന്നത്. കേന്ദ്രത്തിൽ നിന്നു വിട്ടു നിൽക്കാൻ രാജ്നാഥ് സിങ്ങിന് താൽപര്യമില്ലങ്കിൽ മാത്രമേ മറ്റൊരു സാധ്യതയുണ്ടാവൂ എന്നാണ് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

Top