ചര്‍ച്ച ഇനി പാക്ക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രം; നിലപാട് കടുപ്പിച്ച് രാജ്നാഥ് സിങ്

rajnath-singh

പഞ്ച്കുള: പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാനുമായി ഇനി ചര്‍ച്ച പാക്ക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമാണെന്നും ഭീകരവാദപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമായിരിക്കും ചര്‍ച്ച സാധ്യമാകുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഹരിയാനയിലെ പഞ്ച്കുളയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജമ്മു-കശ്മീരിന്റെ വികസനത്തിന് വേണ്ടിയാണ് പത്യേക പദവി എടുത്ത് കളഞ്ഞത്. ഇന്ത്യ തെറ്റ് ചെയ്‌തെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ അന്താരാഷ്ട്ര വാതിലുകളില്‍ ചെന്ന് മുട്ടുകയാണ്. എന്നാല്‍, പാക്കിസ്ഥാന്‍ ആഗോള തലത്തില്‍ തന്നെ ഒറ്റപ്പെട്ടു, രാജ്‌നാഥ് സിങ് തുറന്നടിച്ചു.

ബാലക്കോട്ടിനേക്കാള്‍ വലിയ പദ്ധതി ഇന്ത്യ നടപ്പാക്കാന്‍ പോകുന്നുവെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനര്‍ത്ഥം ഇന്ത്യ നടത്തിയ ബാലക്കോട്ട് ആക്രമണം പാക്കിസ്ഥാന്‍ അംഗീകരിക്കുന്നുവെന്നാണ്, രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന നയം ഇന്ത്യ മാറ്റുമെന്ന സൂചനയും കഴിഞ്ഞ ദിവസം രാജ്നാഥ് സിങ് നല്‍കിയിരുന്നു. ഇതിനോട്, നിരുത്തരവാദപരമായ പ്രസ്താവനയാണ് രാജ്നാഥ് സിങ് നടത്തിയതെന്നായിരുന്നു പാക്കിസ്ഥാന്‍ പ്രതികരിച്ചത്.

Top