ഇന്ത്യ- ചൈന സംഘര്‍ഷം; സൈനിക മേധാവിമാരുമായി ഡല്‍ഹിയില്‍ അടിയന്തര ചര്‍ച്ച

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഇന്ത്യ- ചൈന സംഘര്‍ഷത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാന്‍ ഇന്ന് വീണ്ടും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തുന്നു.ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ അടക്കം 20 സൈനികര്‍ വീരമൃത്യുവരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ച.

ഇന്നലെ ഏറ്റുമുട്ടലിനു പിന്നാലെ രാത്രി വൈകി പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, കരസേനാ മേധാവി എം.എം.നരവനെ എന്നിവരാണ് യോഗം ചേര്‍ന്നത്.

മൂന്ന് സൈനിക മേധാവിമാരുമായും സിഡിഎസ് ബിപിന്‍ റാവത്തുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. തുടന്നാണ് വീണ്ടും രാജ്നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. അതിര്‍ത്തിക്കടുത്തുള്ള സൈനികകേന്ദ്രങ്ങളിലേക്കു കൂടുതല്‍ ആയുധവിന്യാസം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സൈനികരെയും രംഗത്തെത്തിക്കും.

അതേസമയം ഏറ്റുമുട്ടലില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Top