സ്‌ഫോടന കേസില്‍ പ്രതിയായ എംപി, പ്രതിരോധ മന്ത്രാലയത്തിന്റെ ഉപദേശ സമിതി അംഗം

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശ സമിതിയില്‍ ഇനി മുതല്‍ പ്രഗ്യാ സിംഗ് താക്കൂര്‍ എംപിയും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നേതൃത്വം നല്‍കുന്ന 21-അംഗ കമ്മിറ്റിയില്‍ പാര്‍ലമെന്റ് അംഗങ്ങളാണ് ഉണ്ടാകുക. പ്രതിരോധ കാര്യങ്ങളില്‍ പാര്‍ലമെന്റിലെ നയങ്ങളില്‍ തീരുമാനം ഈ സമിതിയുടെ ഉപദേശം കൂടി പരിഗണിച്ചാണ് രൂപപ്പെടുത്തുന്നത്.

ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയായ പ്രഗ്യാ സിംഗ് താക്കൂര്‍ മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായി ചേര്‍ക്കപ്പെട്ട വ്യക്തിയാണ്. ഈ കേസില്‍ ജാമ്യത്തിലാണ് പ്രഗ്യാ. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദ്വിഗ് വിജയ് സിംഗിനെ തോല്‍പ്പിച്ചാണ് ഇവര്‍ ലോക്‌സഭയില്‍ എത്തിയത്.

21-അംഗ പാര്‍ലമെന്ററി സമിതിയില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് നാഷണല്‍ കോണ്‍ഫ്രണ്‍സ് നേതാവ് ഫാറൂക്ക് അബ്ദുള്ള, എന്‍സിപി നേതാവ് ശരത്ത് പവാര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധി ഘാതകന്‍ നാഥൂറാം ഗോഡ്‌സയെ രാജ്യസ്‌നേഹി എന്ന് വിളിച്ച് പ്രഗ്യാ അടുത്തിടെ വിവാദത്തിലായിരുന്നു. എന്നാല്‍ സംഭവത്തില്‍ ബിജെപി ഇവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ ഈ സംഭവത്തില്‍ പ്രഗ്യാ മാപ്പ് ചോദിക്കുകയായിരുന്നു.

Top