ചൈന ലഡാക്കില്‍ തല്‍സ്ഥിതി പുനസ്ഥാപിക്കണമെന്ന് രാജ്‌നാഥ് സിങ്

മോസ്‌കോ: ലഡാക്കിലെ സംഘര്‍ഷ മേഖലകളിലെല്ലാം മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധ മന്ത്രി ജെനറല്‍ വെയ് ഫെഹിനോട് ആവശ്യപ്പെട്ടു. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനെത്തിയ വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ലഡാക്ക് സംഘര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഉന്നത നേതൃത്വതലത്തിലുള്ള യോഗമാണ് മോസ്‌കോയില്‍ നടന്നത്. ചര്‍ച്ച രണ്ട് മണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനിന്നു. ചര്‍ച്ചയ്ക്ക് ചൈനയാണ് മുന്‍കൈയെടുത്തത്. പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍, റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ഡി.ബി വെങ്കടേശ് വര്‍മ്മ എന്നിവര്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനൊപ്പം യോഗത്തില്‍ പങ്കെടുത്തു.

പാംഗോങ് തടാക മേഖലയില്‍ പുതിയ കൈയേറ്റ ശ്രമം ചൈനയുടെ ഭാഗത്തുനിന്നുണ്ടായതില്‍ ഇന്ത്യ ഈ യോഗത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സംഘര്‍ഷ മേഖലകളില്‍ തല്‍സ്ഥിതി പുനസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യ- ചൈന ചര്‍ച്ചയ്ക്ക് മുമ്പുനടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ വിശ്വാസ്യത, സഹകരണം, ആക്രമണോത്സുകത കാട്ടാതിരിക്കല്‍, അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും അനുസരിക്കല്‍, പരസ്പര താത്പര്യങ്ങള്‍ മാനിക്കല്‍, ഭിന്നതകള്‍ സമാധാനപൂര്‍വം പരിഹരിക്കല്‍ എന്നിവ ആവശ്യമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞിരുന്നു.

Top